Site icon CTV Online

താമരശ്ശേരി പരപ്പന്‍പൊയിലില്‍ യുവാവിന് വെട്ടേറ്റു

താമരശ്ശേരി: പരപ്പന്‍പൊയിലില്‍ യുവാവിന് വെട്ടേറ്റു. പരപ്പന്‍ പൊയില്‍ സ്വദേശി മേടോത്ത് അജ്‌നാസിനാണ് വെട്ടേറ്റത്. രാത്രി പത്തരയോടെ പരപ്പന്‍പൊയില്‍ അങ്ങാടിയിലാണ് സംഭവം നടന്നത്.
ബന്ധുവായ മേടോത്ത് ഷാജി കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നെന്നാണ് അജ്‌നാസ് പറയുന്നത്. കഴുത്തിന് നേരെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ട് തടയുകയും ഇതേത്തുടര്‍ന്ന് കൈക്ക് വെട്ടേല്‍ക്കുകയുമായിരുന്നു. പരിക്കേറ്റ അജ്‌നാസ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.


ദുബൈയില്‍ ബിസിനസ് നടത്തുന്ന അജ്‌നാസിന്റെയും ബന്ധുക്കളുടെയും പക്കല്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് 54ലക്ഷം രൂപ വ്യാപാരം തുടങ്ങാനാണെന്ന് പറഞ്ഞ് ഷാജി വാങ്ങിയിരുന്നു. പിന്നെ അവിടെ നിന്നും ഷാജി മുങ്ങിയതായും കടംവാങ്ങി നല്‍കിയ തുക ഇതുവരെ തിരികെ നല്‍കിയില്ലെന്നും അജ്‌നാസ് ആരോപിക്കുന്നു.

ഇതിനു പുറമേ കഴിഞ്ഞദിവസം തന്റെ സഹോദരിയുടെ മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഷാജിയെ താമരശ്ശേരി പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അജ്‌നാസിനുനേരെ ആക്രമണമുണ്ടായത്.

Exit mobile version