
WebDesk
സിപിഎം എംഎല്‍എ എ രാജയ്ക്ക് താല്‍ക്കാലിക ആശ്വാസം. ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി 10 ദിവസത്തെ ഇടക്കാല സ്റ്റേ ആണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ക്ക് രാജയ്ക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്നും എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ രാജയ്ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ദേവികുളം എംഎല്‍എ എ രാജയുടെ വിജയം ഹൈക്കോടതി റദ്ദാക്കിയത്. എ രാജ ഹിന്ദു പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളല്ലെന്നും, ക്രിസ്തുമത വിശ്വാസിയായ രാജയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.
