Site icon CTV Online

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു; ഉപേക്ഷിച്ചത് 16 ദിവസം പ്രായമായ കുഞ്ഞിനെ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 16 ദിവസം പ്രായമായ നവജാത പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആശുപത്രി വാര്‍ഡിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ കുഞ്ഞിനെ ഏല്‍പ്പിച്ച ശേഷമാണ് അമ്മ മുങ്ങിയത്.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവിച്ച വയനാട് സ്വദേശിനിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയിരുന്ന യുവതിയുടെ കൈകളില്‍ കുഞ്ഞിനെ ഏല്‍പ്പിച്ച ശേഷം ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് ഇവര്‍ പുറത്തേക്ക് പോയെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല.

സമയം ഏറെ കഴിഞ്ഞിട്ടും കുഞ്ഞിനെ ഏറ്റെടുക്കാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയ സ്ത്രീ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കുഞ്ഞിന്റെ അമ്മ ആശുപത്രിയില്‍ നല്‍കിയിരുന്ന മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മാതാവിന്റെ ബന്ധുക്കളുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. മാതാവിനെ കണ്ടെത്താന്‍ വൈകിയാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version