
newsdesk
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ ഉന്നത വിജയം നേടിയവരുടെ എണ്ണത്തിൽ വൻ ഇടിവ്. ഇത്തവണ 41,4290 കുട്ടികളാണ് പരീക്ഷയെ അഭിമുഖീകരിച്ചത്. കഴിഞ്ഞ വർഷം 61449 കുട്ടികൾ എപ്ലസ് നേടിയ സ്ഥാനത്ത് ഇത്തവണ അതിന്റെ പകുതിയോളം (30514) മാത്രമാണ് എപ്ലസ് നേടിയിരിക്കുന്നത്. പുതിയ കരിക്കുലം കാരണമായേക്കാം ഈ കുറവുണ്ടായിരിക്കുന്നതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് പറഞ്ഞു.
എ ഗ്രേഡ് ലഭിച്ച കുട്ടികളുടെ എണ്ണവും ലക്ഷത്തിനടുത്തുനിന്നും 53,686 എന്നതിലേക്ക് വീണു. കഴിഞ്ഞ വർഷം140632 കുട്ടികൾ ബിഗ്രേഡ് നേടിയതിൽനിന്നും ഇത്തവണ 88437 എന്നതിലേക്കും കുറഞ്ഞിട്ടുണ്ട്. കേരളത്തിലും ഗൾഫിലുമായി 3059 സ്കൂളുകളിലാണ് പരീക്ഷ നടന്നത്. ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് നേടിയ റവന്യൂ ജില്ല കൊല്ലമാണ് 11.6%. വിദ്യാഭ്യാസ ജില്ല കൊട്ടാരക്കരയാണ്, 17.4%. എപ്ലസിന്റെ കണക്കിൽ ഏറ്റവും പിന്നിലുള്ള റവന്യൂ ജില്ല പാലക്കാടാണ്. 4.8 ശതമാനം. പിന്നിലുള്ള വിദ്യാഭ്യാസ ജില്ല തിരൂരാണ് 4.1 ശതമാനം.
എ പ്ലസിൽ പെൺകുട്ടികൾ മുൻപിൽ
210727 ആൺകുട്ടികൾ പരീക്ഷയെഴുയതിൽ 208474 പേരും (98.93%) 203563 പെൺകുട്ടികൾ പരീക്ഷയെഴുതിയതിൽ 201982 പേരും (99.22%) ഉപരിപഠനത്തിന് അർഹരായി. 30514 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 2025 ൽ ഇത് 61449 ആയിരുന്നു. ഇത്തവണ 20771 പെണ‍്കുട്ടികളും 9743 ആൺകുട്ടികളും ഫുൾ എ പ്ലസ് നേടി. പ്രൈവറ്റ് (പഴയ സ്കീം) പരീക്ഷയെഴുതിയ 251 വിദ്യാർഥികളിൽ 189 പേർ (75.3%) ഉപരിപഠനത്തിന് അർഹരായി. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 631 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി. ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 386 വിദ്യാർഥികളിൽ 377 പേർ (97.67%) ഉപരിപഠനത്തിന് അർഹത നേടി. 6 കേന്ദ്രങ്ങൾ 100% വിജയം നേടി.
സേ പരീക്ഷ ജൂൺ ആദ്യ വാരം
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നാളെ മുതൽ 21 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. സേ പരീക്ഷ ജൂൺ ആദ്യ വാരം നടത്തി അവസാനവാരത്തിൽ ഫലം പ്രഖ്യാപിക്കും. പരമാവധി 3 വിഷയങ്ങൾക്കു വരെ സേ പരീക്ഷ എഴുതാം. വിജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാക്കും.
വിദ്യാർഥികൾക്കായി ഓറിയന്റേഷൻ പരിപാടി
പത്താം ക്ലാസ് പാസായ വിദ്യാർഥികൾക്കായി സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലും 20 ന് രാവിലെ 10 മുതൽ 1 വരെ ഓറിയന്റേഷൻ പരിപാടി കരിയർ ഗൈഡൻസ് പരിപാടി നടത്തും.
ഫലത്തിന്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ
∙ വിജയശതമാനം കൂടിയ ജില്ല – പത്തനംതിട്ട 99.72%)
∙ വിജയ ശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല – കുട്ടനാട് (100%)
∙ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ ശതമാന അടിസ്ഥാനത്തിൽ കൂടുതൽ ഫുൾ എ പ്ലസുകാർ ഉള്ള ജില്ല – കൊല്ലം (11.6%)
∙ കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയ മലപ്പുറം എടരിക്കോട് പികെഎംഎം എച്ച്എസ്എസിൽ പരീക്ഷയെഴുതിയ 2030 വിദ്യാർഥികളിൽ 2026 പേർ (99.08%) ഉപരിപഠനത്തിന് അർഹരായി. 152 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
∙ ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയ സർക്കാർ സ്കൂൾ നടുവന്നൂർ ഗവ.എച്ച്എസ്എസ് – 600 കുട്ടികൾ. എയ്ഡഡ് മേഖലയിൽ എകെഎൻഎച്ച്എസ്എസ് കോട്ടൂർ – 1356 വിദ്യാർഥികൾ. അൺ എയ്ഡഡ് മേഖലയിൽ ബിവൈകെ റസിഡൻഷ്യൽ എച്ച്എസ് കടുങ്ങത്തുംകുണ്ട് – 281 വിദ്യാർഥികൾ.
∙ എസ്‌സി വിഭാഗത്തിൽ 39391 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 38535 പേർ (97.82%) ഉപരിപഠനത്തിന് യോഗ്യത നേടി. 871 പേർക്ക് ഫുൾ എ പ്ലസ്
∙ എസ്ടി വിഭാഗത്തിൽ 7172 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 7022 പേർ (97.91%) ഉപരിപഠനത്തിന് അർഹത നേടി. 56 പേർക്ക് ഫുൾ എ പ്ലസ്.
∙ കേൾവി പരിമിതരുടെ വിഭാഗത്തിൽ 29 കേന്ദ്രങ്ങളിലായി 233 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 232 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 14 പേർക്ക് ഫുൾ എ പ്ലസ്.
∙ 100% വിജയം നേടിയത്: സർക്കാർ സ്കൂളുകൾ – 767, എയ്ഡഡ് – 930, അൺ എയ്ഡഡ് – 408, ആകെ – 2105
ടിഎച്ച്എസ്എൽസി പരീക്ഷയെഴുതിയ 2683 വിദ്യാർഥികളിൽ 2649 പേർ (98.73%) ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 130 പേർക്ക് ഫുൾ എ പ്ലസ്. കേൾവി പരിമിതരുടെ വിഭാഗത്തിൽ പരീക്ഷയെഴുതിയ 7 പേരും വിജയിച്ചു.
എഎച്ച്എസ്എൽസി ഫലം
കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 74 പേരിൽ 73 വിദ്യാർഥികളും (98.64) ഉപരിപഠനത്തിന് യോഗ്യത നേടി.
