
newsdesk
കുന്ദമംഗലം: മുപ്പത് വർഷത്തിലേറെയായി ജനകീയാസൂത്രണ രംഗത്ത് നിശ്ശബ്ദമായ സമർപ്പണത്തോടെ പ്രവർത്തിച്ചുവരുന്ന എ. ഹരിദാസൻ മാസ്റ്ററെ കുന്ദമംഗലം പ്രസ്സ് ക്ലബ്ബിന്റെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു.
പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ ദീർഘകാലം ആസൂത്രണ സമിതി വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, നിലവിൽ കുന്ദമംഗലം പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാനായി പ്രവർത്തിച്ചുവരികയാണ്. കണക്കുകളിലും രേഖകളിലും ഒതുങ്ങാതെ ജനങ്ങളുടെ ആവശ്യങ്ങളും സ്വപ്നങ്ങളും വികസനത്തിന്റെ ഭാഷയാക്കി മാറ്റുന്ന ജനകീയ മുഖമായാണ് ഹരിദാസൻ മാസ്റ്റർ പൊതുസമൂഹത്തിൽ അറിയപ്പെടുന്നത്.
31 വർഷത്തെ അധ്യാപക സേവനകാലത്ത് പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതബോധവും സാമൂഹിക ഉത്തരവാദിത്വവും തലമുറകൾക്ക് പകർന്ന ഗുരുവായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം ഒരു ജോലി മാത്രമല്ല, സമൂഹത്തെ മാറ്റുന്ന ശക്തിയാണെന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രകടമായിരുന്നു.
ജനകീയ പ്രവർത്തനങ്ങൾക്കൊപ്പം ‘വീക്ഷണം’ ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനായും പ്രവർത്തിക്കുന്ന അദ്ദേഹം, സത്യസന്ധമായ വാർത്താപ്രവർത്തനത്തിലൂടെ നാട്ടിലെ പ്രശ്നങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കുന്ന ഉത്തരവാദിത്തബോധമുള്ള പത്രപ്രവർത്തകനാണ്. നിർധനരായ ജനങ്ങളുടെ വേദനകളോട് അകലം പാലിക്കാത്ത മനസ്സോടെ ക്ഷേമപ്രവർത്തനങ്ങളുടെ മുൻനിരയിൽ നിലകൊണ്ട് പലർക്കും കൈതാങ്ങും ആശ്വാസവുമായിട്ടുണ്ട്.
പദവികളേക്കാൾ മൂല്യങ്ങളെ മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കുന്ദമംഗലത്തിന്റെ ജനജീവിതത്തിൽ വലിയ വിശ്വാസമായി മാറിയിരിക്കുകയാണ്. പ്രസ്സ് ക്ലബ് പ്രസിഡൻ്റായി ഹരിദാസൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് മാധ്യമ പ്രവർത്തകരിലും നാട്ടുകാരിലും വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്.
