Site icon CTV Online

15കാരിയിൽ നിന്ന് 75 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു; അമ്മയും മകനും അറസ്റ്റിൽ

Web Desk

സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയില്‍ നിന്ന് 75 പവന്റെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ അമ്മയും മകനും അറസ്റ്റില്‍. മണമ്പൂർ കവലയൂര്‍ കുളമുട്ടം എന്‍.എസ്.ലാന്‍ഡില്‍ എന്‍.ഷിബിന്‍ (26), അമ്മ ഷാജില (52) എന്നിവരാണ് അറസ്റ്റിലായത്.

ആറ്റിങ്ങല്‍ സ്വദേശിയായ പതിനഞ്ചുകാരിയുടെ സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്. ഏഴുമാസം മുമ്പാണ് തട്ടിപ്പ് നടന്നത്. സമൂഹമാധ്യമം വഴിയാണ് ഷിബിന്‍ 15 വയസ്സുള്ള പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. സമൂഹമാധ്യമത്തില്‍ തന്റെ സാമ്പത്തികപ്രയാസങ്ങളെക്കുറിച്ചുളള ഷിബിന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി വിവരങ്ങള്‍ ചോദിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നതായി മനസ്സിലാക്കിയ ഷിബിന്‍ സ്വര്‍ണം ആവശ്യപ്പെട്ടു.

തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം വീട്ടുകാരറിയാതെ പെണ്‍കുട്ടി എടുത്ത് സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ ഷിബിന് കൈമാറുകയായിരുന്നു. അടുത്തിടെ വീട്ടുകാര്‍ അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടത്. തുടര്‍ന്നാണ് തട്ടിപ്പിനിരയായ വിവരം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ഷിബിന്റെ വീട്ടില്‍ നിന്ന് 9,80,000 രൂപ കണ്ടെടുത്തു. പെണ്‍കുട്ടി 27 പവന്‍ തനിക്ക് കൈമാറിയതായും ഇത് വിറ്റുകിട്ടിയ പണമാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്നും ഇയാള്‍ സമ്മതിച്ചു പെണ്‍കുട്ടി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ ഷിബിനെ സഹായിച്ചത് അമ്മ ഷാജിലയാണ്. തുടര്‍ന്ന് യുവാവിനെയും അമ്മയെയും അറസ്റ്റ് ചെയത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version