ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപ്പാത: നാട്ടുകാരുടെ സംശയം തീർ‌ക്കാൻ‌ തെളിവെടുപ്പ് ആശങ്കകളുമായി ഭൂഉടമകൾ; പരിഗണിക്കുമെന്ന് അധികൃതർ‌

കോഴിക്കോട് ∙ ആനക്കാംപൊയിൽ മുതൽ – മേപ്പാടി കള്ളാടി മീനാക്ഷിപ്പാലം വരെയുള്ള തുരങ്കത്തിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തോടു ചേർന്ന് ഉപയോഗശൂന്യമായ അനുബന്ധസ്ഥലവും സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യം. ഏറ്റെടുത്ത ഭൂമിക്കു നഷ്ടപരിഹാരം ഉടനെ നൽകണമെന്നും സ്ഥലം വിട്ടു നൽകിയവർ ആവശ്യപ്പെടുന്നു. തുരങ്കം നിർമാണം പൂർത്തിയായാൽ പ്രദേശത്തു നിലവിലെ യാത്രാസൗകര്യം ഉറപ്പു വരുത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. സ്ഥല ഉടമകളുടെ ആവശ്യം പരിഗണിച്ചു മാത്രമേ തുടർ നടപടികളുണ്ടാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂമി വിട്ടുനൽകിയവരുടെ നിർദേശങ്ങളും ആശങ്കയും ഉൾപ്പെടുത്തി പഠന റിപ്പോർട്ട് ഉടൻ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിക്കു കൈമാറുമെന്നു മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു.

തുരങ്കപ്പാതയുടെ സാമൂഹിക ആഘാത പഠന റിപ്പോർട്ടുമായി ബന്ധപ്പെട്ട സംശയ നിവാരണ തെളിവെടുപ്പിനായി കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഭൂമി വിട്ടുകൊടുത്തവർ ആവശ്യങ്ങളും ആശങ്കകളും ഉന്നയിച്ചത്. ജില്ലയിൽ തുരങ്കം ആരംഭിക്കുന്നിടത്തും വയനാട്ടിൽ അവസാനിക്കുന്ന ഭാഗത്തും 250 മീറ്ററോളം മേഖലയിലാണ് സ്വകാര്യ ഭൂമി ഏറ്റെടുത്തത്. ഇതിൽ പലരുടെയും ഭൂമി ഏറ്റെടുത്തതിനു ശേഷം കുറഞ്ഞ സെന്റ് സ്ഥലം കൂടി ശേഷിക്കുന്നുണ്ട്. ഈ ഭാഗത്തേക്കു യാത്രാസൗകര്യമില്ല. മാത്രമല്ല, ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതിയുമില്ല. ഈ സാഹചര്യത്തിൽ, ശേഷിക്കുന്ന ഭാഗം കൂടി സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു യോഗത്തിൽ പങ്കെടുത്തവരുടെ പൊതുആവശ്യം.

തുരങ്കം ആരംഭിക്കുന്ന ഭാഗത്തെ സ്വകാര്യ ഭൂമിയിൽ 15 മീറ്റർ താഴ്ചയിലാണു പാത കടന്നു പോകുന്നത്. ഈ ഭാഗം സർക്കാർ ഏറ്റെടുത്തിട്ടില്ല. അവിടെ സ്വകാര്യ വ്യക്തികൾക്ക് നിർമാണ പ്രവർത്തനവും കൃഷിയും നടത്താൻ കഴിയുമോ എന്ന ആശങ്കയും ഉടമകൾ പങ്കുവച്ചു.

ഭൂമി വിട്ടുനൽകിയ മുത്തപ്പൻ പുഴ സ്വദേശി കെ.പി.ഷാജു, മറിപുഴ സ്വദേശി ബേബി, ആനിക്കുടിയിൽ ജിബിൻ മാനുവൽ, കെ.ലൂസി, മറിപ്പുഴ പിച്ചാപ്പള്ളിൽ ജെ.പി.ബിനു ഉൾപ്പെടെ 16 പേരാണ് സ്ഥലവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ആശങ്ക പങ്കുവച്ചത്.

ലിന്റോ ജോസഫ് എംഎൽഎ, ജില്ലാ എൻവയൺമെന്റൽ എൻജിനീയർ സൗമ ഹമീദ്, കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് ഡപ്യൂട്ടി ചീഫ് എൻജിനീയർ ബീരേന്ദ്രകുമാർ, എം.പുരുഷോത്തമൻ, കിറ്റ്കോ സീനിയർ എൻജിനീയർ കെ.സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!