newsdesk
കോഴിക്കോട്: ഭാര്യയെ ശല്യം ചെയ്ത സുഹൃത്തിനെ ഭർത്താവും കുട്ടാളികളും വകരുത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ്.
കോടഞ്ചേരി നൂറാം തോട് മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടിൽ നിധിൻ തങ്കച്ചനാണ്( 25) കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് കോടഞ്ചേരി കുപ്പായക്കോട്ട്, കൈപ്പുറം വേളങ്ങാട്ട് അഭിജിത്( 27), കൂട്ടാളികളായ മുക്കം മൈസൂർമല കോട്ടകുത്ത് മുഹമ്മദ് റാഫി (19),തിരുവമ്പാടി മുല്ലപ്പള്ളി മുഹമ്മദ് അഫ്സൽ( 21), പ്രായപൂർത്തിയാകാത്ത തിരുവമ്പാടി സ്വദേശിയായ 17-വയസുകാരൻ എന്നിവരാണ് നിധിനെ കൊലപ്പെടുത്തിയത്.
ഒന്നാം പ്രതി അഭിജിത്തും നിധിനും വർഷങ്ങൾക്ക് മുൻപ് ഈങ്ങാപ്പുഴ പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്നു. പിന്നീട് ബസ്സിലും ലോറിയിലും ഡ്രൈവറായി ജോലി ചെയ്യുമ്പോഴും സുഹൃദ്ബന്ധം തുടർന്നു. ആദ്യ ഭാര്യയുമായി തെറ്റി പിരിഞ്ഞ അഭിജിത് 2022- നവംബർ മാസം മറ്റൊരു വിവാഹം കഴിച്ചു താമസിക്കുകയായിരുന്നു. ഇതിനിടയിൽ അഭിജിത്തിന്റെ ഭാര്യയുമായി ഫോണിൽ സംസാരിക്കാനിടയായ നിധിൻ പിന്നീട് നിരന്തരം അവരെ ശല്യം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. ശല്യം സഹിക്കാൻ പറ്റാതെ അഭിജിത്തിനോട് ഭാര്യ വിവരം പറഞ്ഞെങ്കിലും അഭിജിത് വീട്ടിൽ ഇല്ലാത്തപ്പോൾ നിധിൻ വീട്ടിലെത്തി പലപ്പോഴും കതകിൽ മുട്ടി തുറക്കാനും മറ്റും ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ നിധിന്റെ ശല്യം ഒഴിവാക്കാൻ തീരുമാനിച്ച അഭിജിത് സുഹൃത്തുക്കളായ കാക്കു എന്ന മുഹമ്മദ് റാഫി, മുഹമ്മദ് അഫ്സൽ, പ്രായപൂർത്തിയാകാത്ത യുവാവ് എന്നിവരുമായി ചേർന്ന് നിധിനെ വക വരുത്താൻ പദ്ധതി തയ്യാറാക്കി. അത് പ്രകാരം ഭാര്യയോട് പറഞ്ഞു ഭാര്യയെ കൊണ്ട് നിധിനെ ഫോണിൽ വിളിപ്പിച്ച് ഡിസംബർ മൂന്നിന് വീട്ടിലേക്ക് വരാൻ പറഞ്ഞു. രാത്രി പതിനൊന്ന് മണിയോടെ ബൈക്കിൽ നിധിൻ അഭിജിത്തിന്റെ വീട്ടിനടുത്ത് എത്തിയെങ്കിലും വീട്ടിനു സമീപം ചിലർ നിൽക്കുന്നത് കണ്ട് മടങ്ങി പോകുകയായിരുന്നു. നാല് ദിവസം കഴിഞ്ഞു ഡിസംബർ ആറിന് വീണ്ടും ഭാര്യയെ കൊണ്ട് അഭിജിത് നിതിനെ വിളിച്ചു വരുത്തി.
കൂട്ടാളികളോടൊത്ത് വീടിന് പുറത്തു കാത്തു നിന്ന അഭിജിത്തും സംഘവും ഓട്ടോയിൽ വന്നിറങ്ങി വീട്ടിലേക്കു വന്ന നിധിനെ പിടികൂടി മർദ്ദിച്ച ശേഷം കാക്കുവിന്റെ സ്കൂട്ടറിൽ നടുവിൽ ഇരുത്തി മഞ്ചപ്പാറ മലയിലേക്ക് കൊണ്ട് പോയി. കൂട്ടാളികളും പിന്നാലെ എത്തി. വീട്ടിൽ നിന്നും എടുത്ത പ്ലാസ്റ്റിക് കയർ കൊണ്ട് നിധിനെ ഒരു മരത്തിൽ കെട്ടിയിട്ടു. അഭിജിത് മുൻകൂട്ടി കരുതിയിരുന്ന വടി കൊണ്ടും,നിധിന്റെ അരയിൽ കെട്ടിയിരുന്ന ബെൽറ്റ് അഴിച്ചു ബെൽറ്റ് കൊണ്ടും സംഘം ചേർന്നു മർദ്ദിച്ചു.
നിധിൻ കെട്ട് പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാലുപേരും ചേർന്ന് വീണ്ടും പിടികൂടി മർദ്ദിച്ച് അവശനാക്കി.
അഭിജിത് ബെൽറ്റ് കൊണ്ട് നിധിന്റെ കഴുത്തിൽ കുരുക്കിട്ട് വലിച്ചു മുറുക്കി. നെഞ്ചിലും വാരിയിലും ചവിട്ടുകയും ചെയ്തു.
മരിച്ചുവെന്നു ഉറപ്പിച്ച ശേഷം മൃതദേഹം വലിച്ച് താഴെയുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ച് കൊണ്ട് പോയി ഇട്ടു. നിധിന്റെ മൊബൈൽ ഫോണും, ബെൽറ്റും, ചെരുപ്പുകളും, പ്രതികൾ പോകുന്ന വഴിയിൽ പുഴയിലും, വടി റോഡരുകിലുള്ള കപ്പതോട്ടത്തിലും ഉപേക്ഷിച്ചു.
പിറ്റേന്ന് വീണ്ടും കണ്ണോത്ത് പള്ളിപെരുന്നാളിന് വന്ന നാലു പേരും സംഭവം ആരും അറിഞ്ഞില്ലെന്നു മനസ്സിലാക്കി. തുടർന്നു അഭിജിത് ഒഴികെയുള്ള മൂന്ന് പേരും ബാംഗ്ലൂരിലേക്ക് കടന്നു. തിരികെ കോഴിക്കോട് ഭാഗത്തേക്ക് വരുന്നതിനിടെയാണ് മൂന്ന് പേരെയും വയനാട് വൈത്തിരി വെച്ച് കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ പോലീസ് സംഭവസ്ഥലത്തു കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി.
മലപ്പുറം കോട്ടക്കലിൽ ആയുർവേദ പഞ്ച കർമ്മ തെറാപ്പി കോഴ്സിനു പഠിക്കുന്ന നിധിൻ തങ്കച്ചൻ ഡിസംബർ ആറിനാണ് കോട്ടക്കലിൽ നിന്നും കോടഞ്ചേരിയിലേക്ക് വരുന്നത്. പല സ്ഥലങ്ങളിലും കമ്പവലി മത്സരങ്ങളിൽ പങ്കെടുക്കാൻ പോകാറുള്ള നിതിനെ കുറച്ചു ദിവസങ്ങൾ കാണാതിരുന്നിട്ടും സംശയം തോന്നാതിരുന്ന വീട്ടുകാർ നിതിനെ പിന്നീട് ഫോണിൽ കിട്ടാതിരുന്നത്തോടെ കോട്ടക്കൽ പഠിക്കുന്ന സ്ഥലത്തും കോട്ടക്കൽ പൊലീസ് സ്റ്റേഷനിലും വിവരം അന്വേഷിച്ചു ശേഷം 10-ാം തിയ്യതി രാത്രി എഴേമുക്കാൽ മണിക്ക് കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത പ്രകാരം മാൻ മിസ്സിങ്ങിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേ സമയം ഡിസംബർ പത്തിനു തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ തിരുവമ്പാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത 17-കാരനെ കാണാതായതിന്ഒരു കേസും എടുത്തിരുന്നു.
11-ാംതിയ്യതി ഉച്ചയോടെ രണ്ട് സ്ഥലത്തേയും തിരോധാനങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ആറാം തിയ്യതി രാത്രിയിൽ കോടഞ്ചേരി കണ്ണോത്ത് പള്ളിപെരുന്നാൾ നടക്കുന്നതിന് അടുത്ത് വെച്ച് ചിലർ തമ്മിൽ വാക്ക് തർക്കം ഉണ്ടായതായി പോലീസിന് വിവരം കിട്ടുന്നത്. കണ്ണോത്ത് മഞ്ചപ്പാറ മലയിൽ വെച്ച് അഭിജിത്തും കൂട്ടാളികളും ആണ് തർക്കമുണ്ടായതെന്ന് വിവരം കിട്ടിയ പൊലീസ് അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ്
കൊലപാതകത്തിന്റെ വിവരം കിട്ടുന്നത്. നിധിന്റെ ഫോൺ കാൾ ഡീറ്റെയിൽസ് പരിശോധിച്ച പൊലീസ് നിധിൻ അവസാനമായി വിളിച്ചത് പ്രതി അഭിജിത്തിന്റെ ഭാര്യയെ ആണെന്ന് മനസിലാക്കി ഭാര്യയെയും അഭിജിത്തിനെയും ചോദ്യം ചെയ്തപ്പോൾ അഭിജിത് പൊലീസിനോട് കുറ്റസമ്മതം നടതുകയായിരുന്നു.
തുടർന്ന് അഭിജിത് തന്നെ നിധിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ മഞ്ചപ്പാറ മലയിലെ സ്ഥലവും മൃതദേഹവും പൊലീസിന് കാണിച്ചു കൊടുത്തു. താനും കൂട്ടാളികളായ മുഹമ്മദ് റാഫി എന്ന കാക്കു, മുഹമ്മദ് അഫ്സൽ,പ്രായപൂർത്തിയാകാത്ത മറ്റൊരാളും ചേർന്ന് നിതിനെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഭിജിത് പോലീസിനോട് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. മറ്റു പ്രതികളെ താമരശ്ശേരി ജെ എഫ് സി എം 2 കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡി വൈ എസ് പി ഇൻചാർജ്. പി പ്രമോദ്, കോടഞ്ചേരി ഇൻസ്‌പെക്ടർ പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ മാരായ അബ്ദു. എം, ബഷീർ, രാജീവ് ബാബു, സതീഷ് കുമാർ. ഒ, ബിജു. പി,ബേബി മാത്യു, സജു സി.സി,എഎസ്ഐ മാരായ ശ്യാം,സീനിയർ സിപി ഒ മാരായ റഫീഖ്, ജയരാജൻ എൻ എം, ജിനീഷ് പി പി,സുനിൽ കുമാർ, സി പി ഒ മാരായ ഷനിൽ, ലതീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.