newsdesk
മലപ്പുറം തിരൂരില്‍ നിന്ന് വ്യാഴാഴ്ച കാണാതായ 17 വയസുകാരനെ ഇനിയും കണ്ടെത്താനായില്ല. അബ്ദുല്‍ ജലീലിന്റെ മകന്‍ ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ യൂണിഫോം ധരിച്ച് സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ പിന്നീട് കാണാനില്ലാതെ വരികയായിരുന്നു.
രാവിലെ 7 മണിക്ക് വീട്ടില്‍ നിന്നിറങ്ങിയ കുട്ടിയെ 8 മണിയോടെ ചിലര്‍ താനൂര്‍ ടൗണില്‍ വച്ച് കണ്ടിരുന്നു. കുടുംബം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വീട്ടില്‍ നില്‍ക്കാനോ പഠിക്കാനോ തനിക്ക് കഴിയുന്നില്ലെന്നും മുബൈയില്‍ പോയി ജോലി ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും ഡാനിഷ് ഒരു കൂട്ടുകാരനോട് പറഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ട്.
തിരൂരില്‍ നിന്നും മുംബൈയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഉള്‍പ്പെടെയുള്ളതിനാല്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.