യുപിയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച് ‌ഐ വി, ഹെപ്പറ്റൈറ്റിസ് ബാധ; പരിശോധനയിലെ പിഴവെന്ന് കണ്ടെത്തൽ

newsdesk

ലക്‌നൗ: സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബാധിച്ചതായി കണ്ടെത്തൽ. ഉത്തർപ്രദേശ് കാൺപൂരിലെ ലാല ലജ്‌പത് റായ് ആശുപത്രിയിലാണ് സംഭവം. തലസീമിയ രോഗബാധിതരായ കുട്ടികൾക്കാണ് രക്തം നൽകിയത്. തുടർന്ന് ഇവർക്ക് എച്ച് ഐ വിക്ക് പുറമേ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയും പോസിറ്റീവ് ആവുകയായിരുന്നു.

രക്തം കയറ്റുന്നതിന് മുൻപ് കൃത്യമായ പരിശോധനകൾ നടത്താത്തതാണ് പിഴവിന് കാരണമായതെന്നാണ് റിപ്പോർട്ട്. 180 തലസീമിയ രോഗികളാണ് ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചത്. എച്ച് ഐ വി വൈറസ് ബാധയേറ്റ 14 കുട്ടികൾ ജില്ലാ, സ്വകാര്യ ആശുപത്രികളിൽ നിന്ന് രക്തം സ്വീകരിച്ചിരുന്നു. ആറ് മുതൽ 16 വയസ് വരെയുള്ള കുട്ടികളിലാണ് എച്ച് ഐ വി വൈറസ് സ്ഥിരീകരിച്ചത്. കാൺപൂർ സിറ്റി, ദേഹത്, ഫരൂഖാബാദ്, ഓരയ്യ, എതാവാഹ്, കനൗജ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണിവർ.14 പേരിൽ ഏഴുപേ‌ർക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ചുപേർക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ടുപേർക്ക് എച്ച് ഐ വിയും സ്ഥിരീകരിച്ചതായി ലാല ലജ്‌പത് റായ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി ഡോ. അരുൺ ആര്യ പറഞ്ഞു. ഇവരിൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചവരെ ഗാസ്‌‌ട്രോഎൻറ്ററോളജി വിഭാഗത്തിലേയ്ക്കും എച്ച് ഐ വി ബാധിച്ചവരെ കാൺപൂരിലെ റിഫറൽ സെൻട്രറിലേയ്ക്കും അയച്ചതായി അദ്ദേഹം വ്യക്തമാക്കി.’കുട്ടികൾ ഗുരുതരമായ ഒരു രോഗത്തോട് മല്ലിടുന്നതിനിടെയാണ് എച്ച് ഐ വിയും ഹെപ്പറ്റൈറ്റിസും ബാധിച്ചിരിക്കുന്നത്. ഇത് സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

രക്തം സ്വീകരിക്കുന്നതിന് മുൻപായി അത് സുരക്ഷിതമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. സാധാരണഗതിയിൽ പരിശോധനയിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ സാധിക്കാറുണ്ട്. എന്നാൽ വിൻഡോ പിരീഡിൽ ആകാം കുട്ടികൾക്ക് എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബാധയേറ്റത്. പരിശോധനയിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനാകാത്ത സമയത്തെയാണ് വിൻഡോ പിരീഡ് എന്ന് പറയുന്നത്. രക്തദാന സമയത്ത് ഹെപ്പറ്റൈറ്റിസിന് എതിരായി ഡോക്‌ടർമാർ മരുന്ന് നൽകിയതും എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബാധയേൽക്കാനുള്ള കാരണമായിരിക്കാം’- ഡോ. ആര്യ കൂട്ടിച്ചേർത്തു.അതേസമയം, കുട്ടികൾക്ക് എങ്ങനെയാണ് വൈറസ് ബാധയേറ്റതെന്ന് ജില്ലാതല ഉദ്യോഗസ്ഥർ പരിശോധിക്കുമെന്ന് ഉത്തർപ്രദേശ് ദേശീയ ഹെൽത്ത് മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

error: Content is protected !!