
Web Desk
106-ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ഭാഗീരഥിയമ്മ അന്തരിച്ചു. മരിക്കുമ്പോള്‍ 107 വയസായിരുന്നു കൊല്ലം പ്രാക്കുളം സ്വദേശിയായ ഭാഗീരഥിയമ്മയ്ക്ക്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാജ്യം നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാതിലൂടെ പ്രശംസിക്കുകയും ചെയ്തിരുന്നു. തുല്യതാ പരീക്ഷയില്‍ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടിയാണ് അക്ഷര മുത്തശ്ശിയെന്ന് വിളിക്കപ്പെട്ട ഭാഗീരഥിയമ്മ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.സംസ്ഥാന സാക്ഷരതാ മിഷന്‍ 2019 ല്‍ നടത്തിയ പരീക്ഷയായിരുന്നു അക്ഷര മുത്തശ്ശിയെഴുതിയിരുന്നത്. 74.5 ആയിരുന്നു ഭഗീരഥിയമ്മയുടെ വിജയ ശതമാനം.
ഭഗീരഥി അമ്മയ്ക്ക് പഠിക്കാനും അറിവ് നേടാനും വളരെയധികം താത്പര്യമുണ്ടായിരുന്നു. അമ്മ മരിച്ചതിനുശേഷം ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാല്‍ ഈ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു. മുപ്പതുകളില്‍ വിധവയായതോടെ ആറ് മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു.പ്രായാധിക്യം മൂലം പരീക്ഷയെഴുതാന്‍ ഏറെ പ്രയാസങ്ങള്‍ ഭഗീരഥി അമ്മയ്ക്ക് നേരിടേണ്ടി വന്നിരുന്നു.
