NEWSDESK
അടിക്കടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. ഒരുപിടി പുതിയ ഫീച്ചറുകൾ ഇതിനോടകം തന്നെ വാട്‌സ്ആപ്പ് അവതരിപ്പിച്ചുകഴിഞ്ഞു. ഇനിയും ഫീച്ചറുകൾ വരാനിരിക്കുന്നു. ആളുകളുടെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ടുള്ള മാറ്റങ്ങളാണ് ഓരോന്നായി കൊണ്ടുവരുന്നത്.
ട്രാന്‍സ്‌ക്രൈബ് ഓപ്ഷനാണ് പുതുതായി വാട്സ്ആപ്പ് നടപ്പിലാക്കുന്ന ഫീച്ചറുകളിലൊന്ന്. റെക്കോര്‍ഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്‌സ്റ്റ് ആക്കി മാറ്റാനും തര്‍ജ്ജമ ചെയ്യാനും ഇതുവഴി സാധിക്കും എന്നതാണ് പ്രത്യേകത. ആദ്യഘട്ടത്തില്‍ അഞ്ച് ഭാഷകളിലാണ് ഈ സേവനം ലഭിക്കുക.
ഹിന്ദി, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍, ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഭാഷകളിലാവും തുടക്കത്തില്‍ ഈ സൗകര്യം ലഭിക്കുക. വൈകാതെ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലും സേവനം ലഭ്യമാകും. വാട്‌സാപ്പിന്റെ 2.24.7.8 ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ് ഭാഷ തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഇതുവഴി വാട്‌സാപ്പിലെത്തും. ശേഷം വാട്‌സാപ്പില്‍ വരുന്ന ശബ്ദസന്ദേശങ്ങളെ ട്രാന്‍സ്‌ക്രൈബ് ചെയ്യാനാവും.
വാട്‌സ്ആപ്പിന്റെ സവിശേഷമായ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷ ഈ സന്ദേശങ്ങൾക്കും ലഭ്യമാകും. അതായത് അയക്കുന്നവനും അയക്കപ്പെടുന്നവനും മാത്രമെ എന്താണ് ഈ സന്ദേശങ്ങളെന്ന് വ്യക്തമാകൂ. മറ്റൊരാൾക്ക് കൈകടത്താനോ അറിയാനോ സാധിക്കില്ല.
ആരെങ്കിലും അയക്കുന്ന ഓഡിയോ സന്ദേശങ്ങൾ ടെക്‌സ്റ്റ് രൂപത്തിൽ വായിക്കാൻ താത്പര്യപ്പെടുന്നവർക്കാകും ഇങ്ങനെയൊരു ഫീച്ചർ കാര്യമായി ഉപകാരപ്പെടുക. അതായത് മീറ്റിങ്ങിലോ അല്ലെങ്കിൽ ഹെഡ്‌സെറ്റ് ഇല്ലാതെ കേൾക്കാൻ പറ്റാത്ത സാഹചര്യങ്ങളിലാണ് ഓഡിയോ സന്ദേശം വരുന്നത് എങ്കിൽ ട്രാൻസ്‌ക്രൈബ് ഓപ്ഷൻ തെരഞ്ഞെടുത്ത് വായിക്കാനാകും.