”കൊറോണ വായുവിലൂടെ പകരും”

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിനു തെളിവുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തയാറാകണമെന്നും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. കോവിഡ് ബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണികകളിലൂടെയാണ് രോഗം പടരുന്നതെന്നായിരുന്നു ഡബ്ല്യുഎച്ച്ഒ പറഞ്ഞത്. രോഗം വായുവിലൂടെ പകരുമെന്നതിനു തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞമാർ രംഗത്ത് വന്നു . എന്നാല്‍ ഇതേക്കുറിച്ചു ഡബ്ല്യുഎച്ച്ഒ ഇത് വരെ പ്രതികരിച്ചിട്ടില്ല. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത ആഴ്ച ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിക്കുമെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്. ‌

രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണങ്ങളില്‍ ഉള്ള കൊറോണ വൈറസ് വായുവിലൂടെ പരന്ന് മറ്റുള്ളവര്‍ ശ്വാസമെടുക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ കടക്കുമെന്നാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള തെളിവുകള്‍ വസ്തുതാപരമായി ബോധ്യപ്പെട്ടിട്ടില്ലെന്ന നിലപാടിലാണു ഡബ്ല്യുഎച്ച്ഒ. ഇത് സംബന്ധിച്ച് ഡബ്ല്യുഎച്ച്ഒ അണുബാധ നിയന്ത്രണ വിഭാഗം ടെക്‌നിക്കല്‍ മേധാവി ഡോ. ബെന്‍ഡേറ്റാ അല്ലെഗ്രാന്‍സി പറഞ്ഞത് ഇങ്ങനെയാണ്: ” കഴിഞ്ഞ രണ്ടു മാസങ്ങളായി ഇതു സംബന്ധിച്ചു ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാൽ കൃത്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ല”

error: Content is protected !!