
Report: News Desk
പബ്ജിയുടെ നിരോധനം ഉടൻ നീക്കരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കൗൺസിൽ. ഓൺലൈൻ ഗെയിമുകൾക്കായി നിയമം കൊണ്ടുവരുന്നതുവരെ നിരോധനം തുടരണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
നിരവധി മാറ്റങ്ങളോടെ പുറത്തിറങ്ങുന്ന പുതിയ പബ്ജി ഗെയിമിന് കേന്ദ്രം അനുമതി നൽകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബാലാവകാശ കമ്മീഷന്റെ ഈ നിർദേശം.
അതേസമയം നിരോധനം നീക്കുന്നതിനായി പബ്ജി ഗെയിമിൽ വരുത്തിയ മാറ്റങ്ങൾ സ്വീകാര്യമല്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആപ്പിനുള്ള നിരോധനം തുടരുമെന്ന് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
സെപ്റ്റംബറിലാണ് പബ്ജി അടക്കമുള്ള ഗെയിമുകളും ചൈനീസ് ആപ്പുകളും കേന്ദ്ര സർക്കാർ നിരോധിച്ചത്. ഉപയോക്താക്കളുടെ ഡേറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു കേന്ദ്രത്തിന്റെ ഈ നീക്കം. പബ്ജിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത് ചൈനീസ് കമ്പനിയായ ടെൻസെന്റായിരുന്നു. ഇതാണ് നിരോധനത്തിന് കാരണമായത്.
