ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍വെച്ച് നടക്കാനിരുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചു. ഓസ്‌ട്രേലിയയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് കളിക്കാരുടെ സുരക്ഷിതത്വം പരിഗണിച്ച് ലോകകപ്പ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ദുബായില്‍ ചേര്‍ന്ന ഐസിസിയുടെ ബോര്‍ഡ് മീറ്റിങ്ങിലായിരുന്നു തീരുമാനം. സിഡ്‌നിയിലും മെല്‍ബണിലും കോവിഡ് രോഗികള്‍ കൂടിവന്നതോടെ ലോകപ്പ് നടത്താനാകാത്ത സ്ഥിതിയിലാണ്.
ലോകകപ്പ് മാറ്റിവെച്ചതോടെ ഐപിഎല്‍ ഈ വര്‍ഷം നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. യുഎഇയില്‍ സപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലായിരിക്കും ഐപിഎല്‍ നടത്തുക. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന 2021ലെ ട്വന്റി20 ലോകകപ്പ് 2021 നവംബര്‍ മുതല്‍ ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. നവംബര്‍ 14-നാണ് ഫൈനല്‍. 2022ല്‍ മറ്റൊരു ടി20 ലോകകപ്പ് കൂടി നടത്തും. 2023ലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ്.
2023ലെ ഏകദിന ലോകകപ്പ് ആ വര്‍ഷം ആദ്യം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, യോഗ്യതാ മത്സരങ്ങള്‍ക്ക് സമയം ആവശ്യമുള്ളതിനാല്‍ അത് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. ലോകകപ്പ് നീട്ടിയത് ബിസിസിഐയ്ക്ക് ആശ്വാസമാകും. തയ്യാറെടുപ്പിനായി കൂടുതല്‍സമയം ഇതിലൂടെ ഇന്ത്യക്ക് ലഭിക്കും. 2022ലെ ട്വന്റി20 ലോകകപ്പിന്റെ ഫൈനല്‍ ആവര്‍ഷം നവംബര്‍ 13നും 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനല്‍ നവംബര്‍ 26നുമാണ്.
ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചതോടെ ബിസിസിഐ നേരത്തെ തീരുമാനിച്ച സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ ഏഴു വരെയുള്ള തീയതികളില്‍ ഐപിഎല്‍ നടന്നേക്കും. ഇതുസംബന്ധിച്ച് ബിസിസിഐ അടുത്തദിവസം തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ ഐപിഎല്‍ നടത്തുക ബുദ്ധിമുട്ടാകുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി നേരത്തെ സൂചിപ്പിച്ചിരുന്നു. യുഎഇയില്‍ മുന്‍പ് ഐപിഎല്‍ നടത്തിയിരുന്നതുകൊണ്ടുതന്നെ ബിസിസിഐ അക്കാര്യത്തില്‍ ആത്മവിശ്വാസത്തിലാണ്.