
ദില്ലി: വാൾവുള്ള എൻ 95 മാസ്കുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രം. വാൽവുള്ള എൻ 95 മാസ്ക് ഉപയോഗിക്കുന്നത് വൈറസ് വ്യാപനത്തെ പ്രതിരോധിക്കില്ലെന്ന് കണ്ടത്തി. വാൽവിലൂടെ രോഗാണുക്കൾ പുറത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ വാൾവുള്ള എൻ 95 മാസ്കുകൾ ഉപയോഗിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫലപ്രദമല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.ഹെൽത്ത് സർവ്വീസസ് ഡയറക്ടർ ജനറൽ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം പറയുന്നത് .സാധാരണ തുണി മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന നിർദ്ദേശം. ഏപ്രിൽ മാസത്തിൽ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വീടുകളിൽ തന്നെ നിർമ്മിക്കുന്ന തുണി മാസ്കുകളാണ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ നല്ലത് .തുണിയുടെ നിറം പ്രശ്നമല്ല. എല്ലാ ദിവസം കൃത്യമായി കഴുകി ഉണക്കി വേണം തുണിമാസ്കുകൾ ഉപയോഗിക്കാൻ. മാസ്ക് നിർമ്മിക്കുന്നിന് മുമ്പ് തുണി അഞ്ച് മിനുട്ട് നേരം തിളയ്ക്കുന്ന വെള്ളത്തിലിടുകയും നന്നായി ഉണങ്ങിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദ്ദേശമുണ്ട്.
മാസ്ക് ഉപയോഗിക്കുമ്പോൾ നന്നായി വായയും മൂക്കും മറയുന്ന രീതിയിൽ തന്നെ ഉപയോഗിക്കണമെന്നും വശങ്ങളിൽ വിടവുണ്ടാതെ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിക്കുന്നു. കുടുംബത്തിലെ ഓരോ ആളും പ്രത്യേകം മാസ്കുകൾ ഉപയോഗിക്കണമെന്നും ഒരു കാരണവശാലും മറ്റൊരാൾ ഉപയോഗിച്ച മാസ്ക് ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്.