Site icon CTV Online

ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് വിൽപന; സംഘത്തലവൻ പിടിയിൽ

Report: News Desk

താമരശ്ശേരി: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഒട്ടേറെ ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഉടമസ്ഥരെ കബളിപ്പിച്ചു വിൽപന നടത്തിയ സംഘത്തിലെ മുഖ്യപ്രതി തൊട്ടിൽപാലം കാവിലുംപാറ കാര്യാട്ട് മുഹമ്മദാലിയെ (48) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ ആവശ്യത്തിനെന്നു പറഞ്ഞു താമരശ്ശേരിക്കടുത്ത് പൂനൂരിൽ നിന്നു വാടകയ്ക്കെടുത്ത കാർ മറിച്ചുവിറ്റ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണു വൻ വാഹനത്തട്ടിപ്പിന്റെ ചുരു‍ളഴിഞ്ഞത്. ഇത്തരത്തിൽ 48 വാഹനങ്ങൾ മറിച്ചുവിറ്റ് ലക്ഷങ്ങൾ തട്ടിയതായി പ്രതി സമ്മതിച്ചു.

ആദ്യത്തെ കുറച്ചു മാസം വാടക കൃത്യമായി നൽകി വാഹനഉടമയുടെ വിശ്വാസം പിടിച്ചുപറ്റിയാണു തട്ടിപ്പ് നടത്തുന്നത്. പ്രതി പിടിയിലായതറിഞ്ഞു കൂടുതൽ പരാതിക്കാർ താമരശ്ശേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. തട്ടിപ്പിലെ കൂട്ടാളികളും നിരീക്ഷണത്തിലാണ്. ഡിവൈഎസ്പി പൃഥ്വിരാജിന്റെ നിർദേശ പ്രകാരം സ്റ്റേഷൻ ഇൻസ്പെക്ടർ എം.പി. രാജേഷ്, എസ്ഐമാരായ രാജീവ് ബാബു, വി.കെ.സുരേഷ്, അനിൽകുമാർ, ഹരീഷ്, എഎസ്ഐ ഷിബിൽ ജോസഫ്, സിപിഒ മണിലാൽ എന്നിവരാണു പ്രതിയെ പിടികൂടിയത്.

Exit mobile version