
NEWSDESK
കോഴിക്കോട്: കിഡ്സൺ കോർണറിലെ സത്രം കെട്ടിടം പൊളിച്ചുമാറ്റി പാർക്കിംഗ് പ്ലാസ നിർമ്മിക്കാനുള്ള കോർപ്പറേഷന്റെ പ്രവൃത്തി നവീകരിച്ച മിഠായിത്തെരുവിന് മങ്ങലേൽപ്പിക്കുന്നു. ലക്ഷങ്ങൾ മുടക്കി നവീകരിച്ച മിഠായിത്തെരുവ് ഇപ്പോൾ അലങ്കോലപ്പെട്ട് കിടക്കുകയാണ്.
ഇവിടെയുള്ള അലങ്കാര വിളക്കുകളും ഇരിപ്പിടങ്ങളും തകർന്നിരിക്കുന്നു. കിഡ്സൺ കോർണറിൽ പാർക്കിംഗ് പ്ലാസയ്ക്കായി പഴയ സത്രം കെട്ടിടം പൊളിച്ചുനീക്കാൻ മിഠായിത്തെരുവിന്റെ പ്രവേശന ഭാഗത്ത് ബാരിക്കേഡും മറ്റും മറച്ചതോടെ ഇവിടെ ഇരിക്കാനുള്ള സൗകര്യം കുറഞ്ഞിരുന്നു. എന്നാൽ ഈ പ്രദേശത്തെ ഇരിപ്പിടങ്ങൾ ഉൾപ്പെടെ മാറ്റിയിടാതെയാണ് മറ കെട്ടിയത്.
മിഠായിത്തെരുവ് നവീകരിച്ചപ്പോൾ സ്ഥാപിച്ച ഇരിപ്പിടങ്ങളാണ് നിലവിൽ പൊളിച്ച സത്രം കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തന്നെ ഉപേക്ഷിച്ചിരിക്കുന്നത്. ലക്ഷങ്ങൾ മുടക്കിയാണ് ഇവ ഇവിടെ സ്ഥാപിച്ചിരുന്നത്. നിലവിൽ പ്രവേശനകവാടത്തിന് സമീപത്ത് കല്ലുകൾ കൊണ്ട് തീർത്ത ഇരിപ്പിടങ്ങൾ മാത്രമാണുള്ളത്. ഇവ കൂടാതെ ഈ പ്രദേശത്തെ ചുമർചിത്രങ്ങൾക്ക് പിറകിലാകട്ടെ മാലിന്യങ്ങൾ കുന്നുകൂടിയ അവസ്ഥയുമാണ്.
