Site icon CTV Online

പോലീസ് സ്റ്റേഷനിൽ നിന്നു ചാടി കാമുകിയെ കാണാൻ എത്തിയ കഞ്ചാവ് കേസ് പ്രതി പിടിയിൽ

Report: News Desk

ബാലുശ്ശേരി : പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പൊന്നാനിയിൽ പിടിയിലായി. ഈസ്റ്റ് പേരാമ്പ്ര തണ്ടോപ്പാറ കൈപ്പാക്കനിക്കുനിയിൽ മുഹമ്മദ് സരീഷാണ് (24) പിടിയിലായത്. ഒരു മാസം മുൻപ് പൊന്നാനിയിലെ മതസ്ഥാപനത്തിൽ പാർപ്പിച്ച കാമുകിയെ കാണാൻ എത്തിയപ്പോഴാണ് പോലീസ് പിടിയിലായത് .

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ്പൊലീസ് സ്റ്റേഷനിൽ നിന്ന് സരീഷും കൂട്ടുപ്രതി ആവള ചെറുവാട്ട് മുഹമ്മദ് ഹർഷാദും രക്ഷപ്പെട്ടത്. ഹർഷാദിനെ പൊലീസ് ഉടൻ തന്നെ പിടികൂടി. കാറിൽ കടത്തുകയായിരുന്ന 4.2 കിലോഗ്രാം കഞ്ചാവുമായാണ് ഇരുവരെയും പൊലീസ് പിടികൂടിയിരുന്നത്.

എറണാകുളം ജില്ല കേന്ദ്രീകരിച്ചുള്ള ലഹരി സംഘത്തിലെ പ്രധാനിയാണ് സരീഷെന്ന് പൊലീസ് പറഞ്ഞു. മുൻപ് കാക്കനാട് ജയിലിൽ റിമാൻഡിലായിരുന്നപ്പോൾ പരിചയപ്പെട്ടവരുമായി ചേർന്ന് ലഹരി സംഘം വിപുലപ്പെടുത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. വിഡിയോ കോൺഫറൻസിലൂടെ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കാൻ വെളിച്ചമുള്ള ഭാഗത്തേക്കു കൊണ്ടു വരുമ്പോഴാണ് ഇരുവരും പൊലീസുകാരെ കയ്യേറ്റം ചെയ്ത് പുറത്തേക്ക് ഓടിയത്.

സരീഷ് അന്നു രാത്രി ബാലുശ്ശേരിയിലെ ആളില്ലാത്ത വീടിന്റെ ടെറസിനു മുകളിലാണ് കഴിഞ്ഞത്. പിറ്റേന്ന് പുലർച്ചെ പേരാമ്പ്രയിലെ വീട്ടിലെത്തി വസ്ത്രങ്ങൾ എടുത്ത് കടന്നു. പിന്നീടുള്ള ദിവസങ്ങളിൽ തൃശൂർ, കുന്നംകുളം, ഗുരുവായൂർ ഭാഗങ്ങളിൽ കറങ്ങിനടന്ന ശേഷമാണ് കഴിഞ്ഞ ദിവസം രാവിലെ കാമുകിയെ കാണാൻ എത്തിയത്.

സരീഷ് ഇവിടെ എത്താനിടയുണ്ടെന്ന നിഗമനത്തിൽ പൊന്നാനി പൊലീസും ബാലുശ്ശേരി പൊലീസും ഇവിടെ കാത്തു നിന്നിരുന്നു. ഡിവൈഎസ്പി ഇ.പി.പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് സരീഷിനായി അന്വേഷണം നടത്തിയത്.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Exit mobile version