Site icon CTV Online

കുട്ടിക്കടത്ത് കേസിൽ നിരപരാധിത്വം തെളിയിച്ച് മുക്കം അനാഥശാല

ആറു വർഷങ്ങൾക്ക് മുൻപ് അരങ്ങേറിയ’കുട്ടിക്കടത്ത്’ ആരോപണങ്ങൾ തെളിവില്ലെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി അവസാനിപ്പിച്ചതിൻ്റെ ആശ്വാസത്തിലാണ് മുക്കം മുസ്ലിം അനാഥശാല. കടുത്ത ദുരിതങ്ങളിൽ നിന്നും പുതിയ ജീവിതം സ്വപ്നം കണ്ട് കേരളത്തിലേക്ക് യാത്രതിരിച്ച ഒരുപറ്റം വിദ്യാർഥികളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തന്നെ തിരിച്ചയച്ച 2014ലെ ‘കുട്ടിക്കടത്ത്’ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് മുക്കം അനാഥശാലക്കെതിരെയുള്ള ക്രിമിനൽ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചത്. ദരിദ്ര ചുറ്റുപാടുകളിൽ കഴിയുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും നൽകി അവർക്ക് പുതിയൊരു ജീവിതം നൽകുകയായിരുന്നു മുക്കം അനാഥശാല ചെയ്തിരുന്നത്.

2014 ഏപ്രിൽ 24ന് വൈകുന്നേരം പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. വേനലവധിക്ക് നാട്ടിൽ പോയി മടങ്ങുകയായിരുന്ന ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുക്കം മുസ്ലിം അനാഥശാലയിൽ പഠിക്കുന്ന വിദ്യാർഥികളെ കുട്ടിക്കടത്ത് ആരോപിച്ച് റെയിൽവേ പൊലിസും ചൈൽഡ് ലൈനും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അനാഥശാലയിൽ പഠിക്കുന്ന 280 വിദ്യാർഥികളെ കൂടാതെ കടുത്ത ദാരിദ്രത്തിൽ നിന്നും രക്ഷതേടി ബന്ധുക്കളും സുഹൃത്തുക്കളുമായ 176 മറ്റു വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ ആരോ നൽകിയ പരാതിയെ തുടർന്ന് പരിശോധിച്ചപ്പോൾ കൂടെ വന്ന 176 വിദ്യാർഥികൾക്ക് ട്രെയിൻ ടിക്കറ്റ് ഉണ്ടായിരുന്നില്ല. അനാഥശാലയിൽ പഠിക്കുന്ന വിദ്യാർഥികളുടെ ടിക്കറ്റുകൾ സ്ഥാപനം എടുത്തു നൽകിയിരുന്നു.  എന്നാൽ ഇവരോടൊപ്പം കേരളത്തിലേക്ക് വന്ന മറ്റ് വിദ്യാർഥികളെ സംബന്ധിച്ച് സ്ഥാപനത്തിന് അറിവുണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ അനാഥശാലയുമായി റെയിൽവേ പൊലിസ് ബന്ധപ്പെടുകയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഫൈൻ ഈടാക്കുകയും ചെയ്തു. ഇതിനിടയിൽ കുട്ടിക്കടത്ത് എന്നപേരിൽ മാധ്യമ വിചാരണ തുടങ്ങുകയും പൊലിസും സാമൂഹികനീതി ഉദ്യോഗസ്ഥരും ചൈൽഡ് ലൈനും സർക്കാറും യാഥാർഥ്യം അന്വേഷിക്കാതെ ചിലരുടെ പ്രത്യേക താൽപര്യപ്രകാരം കേസെടുക്കുകയും ചെയ്യുകയായിരുന്നു.

ആറ് വർഷങ്ങൾക്ക് മുൻപ് നടന്ന ഈ ഗൂഢാലോചനയാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവിലൂടെ പൊളിഞ്ഞത്. സംഭവത്തെ തുടർന്ന് പത്ത് ദിവസത്തോളമാണ് വിദ്യാർഥികൾ പാലക്കാട്, കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റികളുടെ കീഴിൽ ദുരിതത്തോടെ കഴിഞ്ഞത്. കേരളത്തിലെത്തിയ 456 വിദ്യാർഥികളിൽ 207 വിദ്യാർഥികളെ മാത്രമാണ് അധികൃതർ അനാഥശാലക്ക് കൈമാറിയത്. ബാക്കിയുള്ള വിദ്യാർഥികളെ കടുത്ത ദാരിദ്ര ചുറ്റുപാടുകളിലേക്ക് തന്നെ തിരിച്ചയച്ചു. സംഭവത്തിന് ശേഷം ബിഹാറിൽ നിന്നുള്ള ഏതാനും വിദ്യാർഥികളെ മാത്രമാണ് സ്ഥാപനത്തിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഗൂഢാലോചന ഉണ്ടായിരുന്നില്ലെങ്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വിദ്യാർഥികൾക്ക് മികച്ച സാമൂഹിക അന്തരീക്ഷം ഒരുക്കാൻ തങ്ങൾക്ക് കഴിയുമായിരുന്നുവെന്ന് അനാഥശാല അധികൃതർ ചൂണ്ടിക്കാട്ടുന്നു. 

Exit mobile version