മുക്കം: മുക്കം നഗരസഭയിലെ മുത്തേരിയിൽ 65 കാരി ക്രൂരമായി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് തുടരുന്നു.പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ 5 ദിവസം പോലീസ് കസ്റ്റഡിയിൽ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നലെ രാവിലെ 11.30 ഓടെ മുത്തേരി അങ്ങാടിയിലാണ് പ്രതിയെയുമായി പോലീസ് ആദ്യമെത്തിയത്. തുടർന്ന് വട്ടോളിപറമ്പ് റോഡിലും ഓമശ്ശേരി റോഡിലും 300 മീറ്ററോളം ദൂരം പ്രതിയേയുമായി പോലീസ് തെളിവെടുപ്പ് നടത്തി. വട്ടോളി പറമ്പ് റോഡ് വഴിയാണ് ഓട്ടോയുമായി പ്രതിമുജീബ് എത്തിയിരുന്നത്. അതിന് ശേഷം ഓമശ്ശേരി റോഡിലേക്ക് ഓടിച്ച് പോവുകയും അൽപ്പദൂരം കഴിഞ്ഞപ്പോൾ 65 കാരി ഓട്ടോയിൽ കയറുകയുമായിരുന്നു. വയോധികയുമായി 200 മീറ്ററോളം യാത്ര ചെയ്ത ശേഷമാണ് പള്ളിക്ക് സമീപത്ത് വെച്ച് ഓട്ടോ കേടായെന്ന് പറഞ്ഞ് ഓട്ടോയുടെ പിന്നിലേക്ക് പോവുകയും കഴുത്ത് മുറുക്കി വയോധികയെ ബോധരഹിതയാക്കുകയും ചെയ്തത്. തെളിവെടുപ്പിനിടെ താൻ തെറ്റ് ഒന്നും ചെയ്തില്ലന്ന് പ്രതിവിളിച്ചു പറയുന്നുണ്ടായിരുന്നങ്കിലും തെളിവുകൾ നിരത്തി പോലീസ് ചോദ്യങ്ങൾ ചോദിച്ചപ്പോൾ പിന്നെ മിണ്ടാതിരിക്കുകയായിരുന്നു. മുത്തേരിയിലെ തെളിവെടുപ്പിന് ശേഷം നീലേശ്വരത്തെ ഒരു പഴയ വീട്ടിലെത്തിയായിരുന്നു തെളിവെടുപ്പ്. ഒരാഴ്ച മുൻപ് സഹോദരങ്ങളെ കഞ്ചാവുമായി പോലീസ് ഈ വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. ഇവരുമായി അടുത്ത ബന്ധം പുലർത്തുകയും ഇടക്കിടക്ക് ഇവിടെ സന്ദർശിക്കുകയും ചെയ്യുന്ന ആളാണ് പ്രതി മുജീബ്. സംഭവ ദിവസവും ഇയാൾ ഇവിടെ എത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഈ വീട്ടിലും തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കാണുന്നതിനായി നിരവധി പേർ തെളിവെടുപ്പ് നടക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. സ്ത്രീകൾ അടക്കമുള്ള പലരും വൈകാരികമായാണ് ഇയാൾക്കെതിരെ പ്രതിഷേധിച്ചതും. അതിനിടെ വാർത്ത റിപ്പോർട്ട് ചെയ്യുകയും ചിത്രീകരിക്കുകയും ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെയും പ്രതി മുജീബ് റഹ്മാൻ അസഭ്യ വാക്കുകൾ ഉപയോഗിക്കുന്നുണ്ടായിരുന്നു. മുത്തേരിയിലേയും നീലേശ്വരത്തേയും തെളിവെടുപ്പിന് ശേഷം കോഴിക്കോട് ചേവരമ്പലത്തും എത്തി തെളിവെടുപ്പ് നടത്തി.
മുക്കം ഇൻസ്‌പെക്ടർ ബി.കെ.സിജുവിന്റെ നിർദേശപ്രകാരം മുക്കം എസ്.ഐ കെ.ഷാജിദ്, അഡീ.എസ് ഐ വി.കെ റസാഖ്, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീ ഖ് നീലിയാനിക്കൽ, സിൻജിത്ത്, സിനീഷ്, സുരേഷ്, അരുൺ ഏകരൂൽ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ടു ദിവസം കൂടി പ്രതി പോലീസ് കസ്റ്റഡിയിലുണ്ട്. ഈ ദിവസങ്ങളിൽ വയോധികയിൽ നിന്ന് മോഷണം പോയ ആഭരണങ്ങളടക്കം കണ്ടെടുക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിൽ വയോധികയുടെ മൊബൈൽ ഫോൺ സംഭവം നടന്ന സ്ഥലത്തെ റോഡിന് മറുവശത്തുള്ള പറമ്പിൽ നിന്നും കൃത്യം നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ തൊണ്ടയാട് മേൽപ്പാലത്തിനടിയിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . കോഴിക്കോട് ചേവരമ്പലത്തും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ തൊണ്ടയാട് നിന്ന് കെ.എൽ 38 8185 നമ്പർ ഓട്ടോറിക്ഷയും കണ്ടെത്തി. എന്നാൽ ഈ നമ്പർ വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷ കഴിഞ്ഞമാസം 23ന് ചോമ്പാല പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള മാഹി റെയിൽവേ സ്റ്റേഷന് സമീപത്തെ ഒരു വീട്ടിൽ നിന്നും മോഷണം പോയതാണെന്ന് കണ്ടെത്തി.സംസ്ഥാനത്തിൻ്റെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നുവെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. ഈ മാസം രണ്ടാം തീയതി രാവിലെയാണ് വയോധിക പീഡനത്തിനിരയായ സംഭവം നടന്നത്.