
Report: Web Desk
കോഴിക്കോട്∙ ധീരതയ്ക്കുള്ള ദേശീയ അവാർഡ് ഒരിക്കൽ കൂടി തേടിയെത്തുമ്പോൾ തീരാവേദനയായി മാറിയിരിക്കുകയാണ് മുഹ്സിൻ. കടൽത്തിരയിൽപ്പെട്ട 3 കൂട്ടുകാരെ രക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെടുകയായിരുന്നു.ധീരതയ്ക്കുള്ള ദേശീയ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട വിവരം വീട്ടുകാർക്കു സമ്മാനിച്ചത് ഒടുവിൽ ദുഃഖം മാത്രം.
തിക്കോടി സികെജി മെമ്മോറിയൽ സ്കൂൾ വിദ്യാർഥിയായിരുന്നു മുഹ്സിൻ. ഏപ്രിൽ 25നു വൈകിട്ടാണു മുഹമ്മദ് മുഹ്സിന്റെ മൂന്നു സുഹൃത്തുക്കൾ കടലിൽ തിരയിൽ പെട്ടത്. രണ്ടു സുഹൃത്തുക്കളെ രക്ഷിച്ച മുഹ്സിൻ മൂന്നാമത്തെ സുഹൃത്തിനെ പിടിച്ചു കടലിലെ പാറക്കല്ലിൽ ഇരുത്തുമ്പോഴേക്കും ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു.
പിറ്റേന്നു പുലർച്ചെയാണു മൃതദേഹം ലഭിച്ചത്.മുസ്തഫ–നാസില ദമ്പതികളുടെ മകനാണ്. 8 സഹോദരിമാരുടെ ഏക സഹോദരനായിരുന്നു മുത്തെന്നു വിളിപ്പേരുള്ള മുഹ്സിൻ. നേരത്തേ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ ഭാരത് പുരസ്കാരത്തിന് (മരണാനന്തരം) മുഹ്സിൻ അർഹനായിരുന്നു.
