
മുക്കം ടൗൺ പരിഷ്കരണവുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ആശങ്കയകറ്റണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. വ്യാപാരികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളൂം മുഖവിലക്കെടുക്കാതെയും അവരുമായി ചർച്ചക്ക് തയാറാകാതെയും പ്രവൃത്തിയുമായി മുന്നോട്ട് പോകുന്നത് പ്രതിഷേധാർഹമാണ്.
40 വർഷത്തിലധികം വ്യാപാരം നടത്തുന്ന കച്ചവടക്കാരുടെ പുനരധിവാസത്തിനുള്ള പദ്ധതികളോ നഷ്ട പരിഹാരമോ പ്രഖ്യാപിക്കാതെ അക്വസിഷൻ നടപടികളുമായി മുന്നോട്ട് പോവുന്നതിനെതിരെ ഇന്നലെ മുക്കം വ്യാപാരഭവനിൽ ചേർന്ന സംഘടന പ്രതിനിധികളുടെ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഭരണാധികാരികൾ ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ട് പോവുകയാണെങ്കിൽ ശക്തമായ പ്രക്ഷോപ പരിപാടികൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതിയെ ക്ഷണിക്കാതെ ജോർജ് എം. തോമസ് എംഎൽഎ കഴിഞ്ഞദിവസം വിളിച്ചുചേർത്ത യോഗം പ്രഹസനമാണെന്നും യോഗം വിലയിരുത്തി. ജില്ലാ സെക്രട്ടറി റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.സി. നൗഷാദ് അധ്യക്ഷനായി. യൂനിറ്റ് ജനറൽ സെക്രട്ടറി എം.കെ. സിദ്ദീഖ്, ട്രഷറർ ഗണേഷ് കമ്മത്ത്, ഭാരവാഹികളായ എൻ.എം. ഹാഷിർ, മുഹമ്മദലി ചന്തം, നാസർ, എൻ.കെ.കെ. നൗഷാദ്, ആലി മയൂരി, നിയാസ്, ജാഫർ, യൂത്ത് വിംഗ് പ്രസിഡന്റ് ഷിംജി വാരിയംകണ്ടി സംസാരിച്ചു. അക്വസിഷൻ നടപടി നേരിടുന്ന വ്യാപാരികളും യോഗത്തിൽ പങ്കെടുത്തു.
