മുക്കം: ചെറിയ ഒരു ഇടവേളയ്ക്കു ശേഷം മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമായി. നിലവിലെ മണ്ഡലം പ്രസിഡണ്ട് എ ഗ്രൂപ്പിലെ ടി ടി സുലൈമാന മാറ്റി പകരം ഐ ഗ്രൂപ്പിലെ എൻ പി ഷംസുദ്ദീനെ നിയമിച്ചതായി ഐ ഗ്രൂപ്പ് നേതാക്കൾ അറിയിച്ചു. കഴിഞ്ഞദിവസം യോഗം ചേർന്നാണ് ശംസുദ്ദീനെ മണ്ഡലം പ്രസിഡണ്ട് ആയി നിയമിച്ചത് .എന്നാൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നിന്നോ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിൽ നിന്നോ ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും നിലവിൽ മണ്ഡലം പ്രസിഡണ്ട് താൻ തന്നെയാണെന്നും ടി ടി സുലൈമാൻ അറിയിച്ചു. വ്യാജ പ്രചരണം നടത്തിയ പ്രവർത്തകർക്കും നേതാക്കൾക്കും എതിരെ ഡിസിസിലും കെപിസിസി യിലും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. പ്രമുഖ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം യോഗം ചേർന്ന് പുതിയ മണ്ഡലം പ്രസിഡണ്ട് ആയിശംസുദ്ധീനെ നിയമിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി പി.സി. ഹബീബ് തമ്പിമുൻ കെപിസിസി സെക്രട്ടറിയും നിലവിലെ കെപിസിസി മെമ്പർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. അതേസമയം തെരഞ്ഞെടുപ്പ്അടുത്ത സമയത്ത് വീണ്ടും ഇരു ഗ്രൂപ്പുകൾ തമ്മിൽ പ്രത്യക്ഷമായി തന്നെ പരസ്പരം രംഗത്തെത്തിയത് അണികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പ് പോരിന് എതിരെ മുസ്ലിം ലീഗുംരംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുക്കം നഗരസഭ ഭരണം പിടിക്കാൻ എല്ലാ അനുകൂല സാഹചര്യവും ഉണ്ടായിട്ടും കോൺഗ്രസിലെയും മുസ്ലിം ലീഗിനെയും ഗ്രൂപ്പുകൾ തമ്മിൽ പരസ്പരം പാര വച്ചതാണ് നഗരസഭാ ഭരണം നഷ്ടമാവാൻ കാരണമായത്. എന്നാൽ ഇത്തവണ മുസ്ലിം ലീഗിലെ ഗ്രൂപ്പ് പോര് ഏകദേശം പരിഹരിച്ച് വരുന്ന സാഹചര്യത്തിലാണ് കോൺഗ്രസിലെ എ ഐ ഗ്രൂപ്പുകൾ തമ്മിൽ പോരു തുടങ്ങിയത്. ഇത് വരുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും കനത്ത തിരിച്ചടിക്ക് കാരണമാകുമെന്ന് പ്രവർത്തകർ പറയുന്നു. നേരത്തെ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന എൻ പി ശംസുദ്ദീൻ വിദേശത്തേക്ക്പോകുന്നതിനായി ലീവ് എടുക്കുകയായിരുന്നു. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയിട്ടും നിരവധിതവണ പറഞ്ഞിട്ടും പ്രസിഡണ്ട് സ്ഥാനം തിരികെ നൽകാൻ എ ഗ്രൂപ്പ് തയ്യാറായില്ലെന്നും ഈ സാഹചര്യത്തിലാണ് തങ്ങൾ യോഗം ചേർന്ന് ശംസുദ്ധീനെ തെരഞ്ഞെടുത്തതും എന്നാണ് ഐ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. അടുത്ത ദിവസങ്ങളിൽ മുക്കം മണ്ഡലത്തിൽ യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ നടക്കാനിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഈ ചർച്ചയും മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്. കാരശ്ശേരി പഞ്ചായത്തിൽ ഉൾപ്പെടെ ചർച്ചകൾ നല്ല രീതിയിൽ പൂർത്തിയാക്കി വരുന്നതിനിടെ മുക്കത്ത് പതിവുപോലെ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഗ്രൂപ്പുകൾ തമ്മിലുള്ള പോര് പാർട്ടിക്ക് കനത്ത നഷ്ടം വരുത്തുമെന്ന കാര്യത്തിൽ സംശയമില്ല