Site icon CTV Online

എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ജില്ലയിൽ ഉജ്വല സ്വീകരണം നൽകി

Report: News Desk

മുക്കം: സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ജില്ലയിൽ ഉജ്വല സ്വീകരണം നൽകി. ചുരത്തിലെ റോഡ് പണിമൂലമുള്ള കുരുക്കിൽ കുടുങ്ങി നിശ്ചയിച്ചതിലും വൈകിയാണ് വിജയരാഘവന്റെ വാഹനം അടിവാരത്തെത്തിയത്.

വാദ്യമേളങ്ങളുടെയും നൃത്തരൂപങ്ങളുടെയും അകടമ്പടിയോടെയായിരുന്നു അടിവാരത്തെ സ്വീകരണം. കോവിഡ് സാഹചര്യത്തിൽ മാലയും ഷോളും അണിയിക്കേണ്ടെന്നു നിർദേശമുണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.പി.കുഞ്ഞമദ്കുട്ടി, സിപിഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ, എൽജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ്, കാരാട്ട് റസാഖ് എംഎൽഎ, എം.മെഹബൂബ്, സലിം മടവൂർ, വി.കുഞ്ഞാലി, എൻ.കെ.വത്സൻ,എം.പി.സൂര്യനാരായണൻ, സി.സത്യചന്ദ്രൻ, കെ.കുഞ്ഞമദ്, ഗിരീഷ് ജോൺ എന്നിവർ നേതൃത്വം നൽകി.

അടിവാരത്ത് കാത്തുനിന്നവരെ അഭിവാദ്യം ചെയ്ത ശേഷം മുക്കത്തേക്ക് തിരിച്ചു. മുക്കം ‌അഭിലാഷ് ജം‌ക്‌ഷനിലെ ചെങ്കൊടികളുടെ കടലിലേക്കാണ് ജാഥാ നായകനെത്തിയത്. പൂമാലകളില്ലെങ്കിലും പുഷ്പവൃഷ്ടിയോടെയായിരുന്നു സ്വീകരണം. അകമ്പടിയായി മുത്തുക്കുടകളും വാദ്യമേളങ്ങളും. സ്വീകരണ ഘോഷയാത്ര മുക്കം കെ.കെ.ഉണ്ണിക്കുട്ടി സ്മാരകത്തിനു സമീപത്തെ പൊതുസമ്മേളനവേദിയിലെത്തുമ്പോൾ മുൻമന്ത്രി കെ.പി.മോഹനൻ പ്രസംഗിക്കുകയായിരുന്നു. ജില്ലയിൽ ഇന്നലെ 90 രൂപയിലെത്തിയ പെട്രോൾ വിലയിലാണ് വിജയരാഘവൻ പ്രസംഗം തുടങ്ങിയത്.

‘എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് സൂര്യനമസ്കാരവും യോഗാസനവും കഴിഞ്ഞ് കൃത്യമായി പെട്രോൾ വില കൂട്ടുന്ന ആദ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കാർ ലോണിനു പകരം പെട്രോളടിക്കാൻ ലോൺ എടുക്കേണ്ട അവസ്ഥയാണ്. കർഷകരെ മണ്ണിൽ നിന്നിറക്കി തെരുവിലേക്ക് എറിയുന്ന നയമാണ് കേന്ദ്രസർക്കാരിന്റേത്. ഇതിനെതിരെ നിലകൊള്ളുന്ന ഏക ഭരണകൂടം കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. പൗരത്വഭേദഗതി നിയമം ഇവിടെ നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയും കേരളത്തിലാണ്. കേരളത്തിൽ വികസന വിപ്ലവമാണ് നടക്കുന്നത്. റോഡുകളും പാലങ്ങളും സ്കൂളുകളും ആശുപത്രികളുമെല്ലാം രാജ്യാന്തര നിലവാരത്തിലായി.

ഭൂമിയുടെ അടിയിലൂടെ പ്രകൃതിവാതക പൈപ്പ് ലൈൻ പോകുന്നതിനെതിരെ സമരം നടന്ന നാടാണ് മുക്കം. എന്നാൽ ജനങ്ങൾക്കു വേണ്ടി അതു നടപ്പാക്കിയ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.’’ഒരു കൈ ബിജെപിയുടെ തോളിലും ഒരു കൈ വെൽഫെയർ പാർട്ടിയുടെ തോളിലുമിട്ടു വരുന്ന രമേശ് ചെന്നിത്തലയെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം തള്ളിയതാണ്. ജാഥയ്ക്കിടയിൽ ആളെകൂട്ടാനാണ് പുതിയ ശ്രമം. എൻസിപിയെ പിടിക്കാൻ നോക്കി. വന്നത് ഒരു കാപ്പനാണ്. സിനിമാ താരങ്ങളെ കൂടെക്കൂട്ടാനാണ് പുതിയ ശ്രമം. വന്ന സിനിമക്കാരെല്ലാം പറയുന്നത് ഞങ്ങൾ നേരത്തേ കോൺഗ്രസാണ് എന്നാണ്. കോൺഗ്രസായവരെ വീണ്ടും കോൺഗ്രസാക്കുന്ന ചെന്നിത്തലയുടെ കോമഡി ടൈം പരിപാടിയാണ് നടക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

Exit mobile version