
കോഴിക്കോട്: ഒഴിവുകൾ യഥാസമയം പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാതെ തൊഴിൽമോഷണത്തിൽ ആനന്ദിക്കുന്നവർ മുട്ടിലിഴയേണ്ട അവസ്ഥയിലെത്താൻ അധിക ദിവസം വേണ്ടിവരില്ലെന്നു പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിൻവാതിൽ നിയമനങ്ങൾക്കെതിരെ ഉദ്യോഗാർഥികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സഹന സമരത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക ബാധ്യതയുടെ പേരു പറഞ്ഞ് തൊഴിലവസരങ്ങൾ സ്യഷ്ടിക്കാത്തവർ പരസ്യത്തിനുവേണ്ടി കോടികളാണ് ധൂർത്തടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറർ എം.എ.സമദ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവരുടെ നേതൃത്വത്തിലാണ് സമരം. സംസ്ഥാന കമ്മിറ്റി അംഗങ്ങളും, വള്ളിക്കുന്ന്,കുറ്റ്യാടി, തിരുവമ്പാടി, കൊണ്ടോട്ടി മണ്ഡലങ്ങളിലെ പ്രവർത്തകരുമാണ് ഇന്നലെ സമരം നടത്തിയത്. എം.കെ.രാഘവൻ എംപി, പി.ഇസ്മായിൽ, പി.എ.അബ്ദുൽ കരീം തുടങ്ങിയവർ പ്രസംഗിച്ചു.
