NEWSDESK
കോഴിക്കോട്: കോഴിക്കോട് കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. യാത്രക്കാരനാണെന്ന വ്യാജേന റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും ഓട്ടം വിളിച്ച് സിറ്റിയുടെ പല ഭാഗങ്ങളിൽ കറങ്ങി ആനിഹാൾ റോഡിൽ ആളൊഴിഞ്ഞ ഭാഗത്ത് നിർത്തിച്ച് പണം നൽകുന്ന സമയം ഓട്ടോക്കാരനെ തള്ളിയിട്ട് പഴ്സിൽ നിന്ന് പണം കവരുകയായിരുന്നു.
പെരുമണ്ണ സ്വദേശി പ്രശാന്തി(40)നെ ആണ് ഡിസിപി അനൂജ് പലിവാൾ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ടൗൺ ഇൻസ്പെക്ടർ ബൈജു. കെ ജോസിന്റെ നേതൃത്വത്തിൽ എസ്ഐ സുഭാഷ്ചന്ദ്രനും സംഘവും ചേർന്ന്പി ടി കൂടിയത്. നാല്ദിവസം മുമ്പ് കോയമ്പത്തൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി രണ്ട് ദിവസം മുമ്പാണ് കോഴിക്കോട് എത്തിയത്.
വിവിധ ജില്ലകളിലും, സംസ്ഥാനത്തിന് പുറത്തും നിരവധി കേസുകളിൽ പ്രതിയാണ് പ്രശാന്ത്. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ കുറിച്ചുള്ള അന്വേഷണത്തിൽ നിന്നും, മറ്റു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലൂടെയുമാണ് പ്രതിയെ തിരിച്ചറിഞ്ഞ് വലയിലാക്കിയത്.
മോഷ്ടിക്കുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കാറാണ് പ്രശാന്തിന്റെ പതിവ്. പണം തീരുന്ന മുറക്ക് വീണ്ടും കവർച്ചക്കിറങ്ങുന്നതാണ് രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് പുറമെ ടൗൺ സ്റ്റേഷനിലെ എസിപിഒ മാരായ ബിജു, ബിനുരാജ്, നിധീഷ്, സി.പി.ഒ. മാരായ രതീഷ് , ലിജുലാൽ എന്നിവരും ഉണ്ടായിരുന്നു.