
Report: Web Desk
കോഴിക്കോട്: പീഡനക്കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചു. കുറ്റിയില്‍താഴം കരിമ്പൊയിലില്‍ ബീരാന്‍കോയ (59) ആണ് കോഴിക്കോട് സബ്ജയിലില്‍ തൂങ്ങി മരിച്ചത്. ഇന്നുപുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. ജയിലിലെ സെല്ലുകളിൽ പരിശോധന നടത്തുന്നതിനിടെ ജയില്‍ ജീവനക്കാരാണ് സംഭവം കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പന്തീരാങ്കാവ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിയിലായ ബീരാന്‍കോയയെ ഇന്നലെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കോവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് മറ്റു തടവുകാര്‍ക്കൊപ്പമായിരുന്നു താമസിപ്പിച്ചത്. ബീരാന്‍കോയയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ലെന്ന് ജയിലധികൃതര്‍ അറിയിച്ചു.
സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോര്‍ത്ത് ഉപയോഗിച്ച് സെല്ലിന്‍റെ ജനലിലെ കമ്പിയില്‍ തൂങ്ങുകയായിരുന്നുവെന്ന് ജയിലധികൃതര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ജയില്‍ വകുപ്പും അന്വേഷണം നടത്തും.
