ജലജീവന്‍ മിഷന്‍ പദ്ധതിയുമായി പെരുവയൽ ഗ്രാമ പഞ്ചായത്ത്.

ജപ്പാന്‍ കുടിവെള്ള പദ്ധതി വഴിമുട്ടിയ സാഹചര്യത്തിലാണ്  ജലജീവന്‍ മിഷന്‍ പദ്ധതിയുമായി പെരുവയൽ ഗ്രാമ പഞ്ചായത്ത്.പദ്ധതി  പ്രകാരം  ഗ്രാമപഞ്ചായത്തിൽ 4000 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷന്‍ നൽകുമെന്ന് പഞ്ചായത്ത് ഭരണസമിതി  അറിയിച്ചു. കേന്ദ്ര –സംസ്ഥാന  സര്‍ക്കാറുകളും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ചെലവ് 14 കോടിയാണ്. 50 ശതമാനം തുക കേന്ദ്ര സര്‍ക്കാറും  25 ശതമാനം സംസ്ഥാന സര്‍ക്കാറും വഹിക്കും. ഗ്രാമപഞ്ചായത്ത്  15 ശതമാനവും ഗുണഭോക്താക്കള്‍ 10 ശതമാനവുമാണ് വഹിക്കുക. വാട്ടർ അതോറിറ്റിയാണ് പദ്ധതിയുടെ നിർവഹണം നടത്തുക. പദ്ധതിക്ക്  തുക വകയിരുത്തുന്നതിനുള്ള സന്നദ്ധത സംബന്ധിച്ച് ബുധനാഴ്​ച ചേര്‍ന്ന ഭരണസമിതിയോഗം തീരുമാനമെടുത്തിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പദ്ധതിയില്‍ അംഗമാകാനും ചെലവ് വഹിക്കാനും തീരുമാനമെടുത്തതോടെ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതരും  അറിയിച്ചു.നിലവിൽ  ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനം  പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഇതി​െൻറ അവശേഷിക്കുന്ന പ്രവര്‍ത്തനമാണ് ജലജീവന്‍ പദ്ധതി പ്രകാരം നടത്തുക. ജപ്പാന്‍ പദ്ധതിയില്‍ ലക്ഷ്യമിട്ടതിലും കൂടുതല്‍ പേര്‍ക്ക് കണക്ഷന്‍ നല്‍കാനും  സാധിക്കും. 4000 പേര്‍ക്ക് ഒരു വര്‍ഷത്തിനിടെ കണക്ഷന്‍ ലഭിക്കും. അവശേഷിക്കുന്നവര്‍ക്കായി പദ്ധതി തുടരും. ഇതോടെ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പൂർണമായി അറുതിവരുത്താനാവുമെന്നാണ് പ്രതീക്ഷ.ജപ്പാന്‍ പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തിലേക്ക് വിതരണം ചെയ്യാനുള്ള കുടിവെള്ളം പെരുമണ്ണാമുഴിയില്‍നിന്നും പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പാറമ്മലിലെ ടാങ്കില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ വിതരണ ലൈന്‍ പ്രവൃത്തി പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിയിലൂടെ കുടിവെള്ളം ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. നിലവില്‍ ജപ്പാന്‍ പദ്ധതി പ്രകാരം സ്ഥാപിച്ച ടാങ്കും ലൈനുകളും ഉപയോഗിച്ചാണ് പുതിയ പദ്ധതി പ്രവര്‍ത്തിക്കുക. ലൈൻ സ്ഥാപിക്കുന്നതിന് പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനും പദ്ധതിയിൽ തുക വകയിരുത്തും.വാട്ടർ അതോറിറ്റി അസിസ്​റ്റൻറ്​ എൻജിനീയര്‍മാരായ കെ.ടി. ബിനോജ് കുമാർ, പി. മുനീർ അഹമ്മദ് എന്നിവര്‍ പ്രാഥമിക പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തി.

error: Content is protected !!