Site icon CTV Online

കോഴിക്കോട്- കൊല്ലഗൽ ദേശീയപാത വികസനം ഭേദഗതികളോടെ നടപ്പിലാക്കണമെന്ന് എം.എൽ.എ

Report: C Fasal Babu

മുക്കം: കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766 ൻ്റെ വികസനം നടപ്പിലാക്കുമ്പോൾ തിരുവമ്പാടി മണ്ഡലത്തിൽ ഭേദഗതികളോടെ നടപ്പിലാക്കണമെന്ന് ദേശീയപാത അലൈൻമെന്റുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ജോർജ് എം. തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. ഒടുങ്ങാക്കാട് മുതൽ മുത്തങ്ങ വരെയാണ് ദേശീയപാതാ വികസനം നടക്കുന്നത്. വികസനവുമായി ബന്ധപ്പെട്ട് അലൈൻമെന്റ് ഭേദഗതികളുടെ കരട് നിർദേശങ്ങൾ എൽ ആൻഡ് ടി ആണ് തയാറാക്കിയത്. ആവശ്യമായ ഭൂമി ഏറ്റെടുക്കുവാൻ കൈതപ്പൊയിൽ മുതൽ എലിക്കാട് വരെയുള്ള അലൈൻമെൻ്റിൽ ഭേദഗതി വരുത്തണം, ഒടുങ്ങാക്കാട് പരിസരത്ത് വീതി കുറവായതിനാലും വീതി കൂട്ടാൻ സാധ്യത ഇല്ലാത്തതിനാലും ഈ റോഡിന് സമാന്തരമായി പഞ്ചായത്ത് ബസാർ മുതൽ ചെമ്മരംപറ്റ വരെയുള്ള സ്ഥലത്ത് ഭൂമി ഏറ്റെടുത്ത് ബൈപ്പാസ് നിർമിക്കണം, ചുരത്തിലെ വികസനസാധ്യത പരിമിതമായതിനാൽ വെസ്റ്റ് കൈതപ്പൊയിലിൽ നിന്നും ഏഴാം വളവിലേക്ക് എത്തുന്ന പാത വികസിപ്പിച്ച് ബദൽ പാതയൊരുക്കണം, ചുരം ഒന്നാം വളവ് മുതൽ നാലാം വളവ് വരെയുള്ള പ്രദേശത്ത് ഇടത് ഭാഗം സ്വകാര്യ ഭൂമിയായതിനാൽ ഭൂമി ഏറ്റെടുത്ത് ചുരം റോഡ് വീതി കൂട്ടി പരിഷ്കരിക്കണം, ചുരം ഒൻപതാം വളവിൽ നിന്നും ലക്കിടിയിൽ അവസാനിക്കുന്ന തുരങ്കം നിർമിച്ച് ടു ലൈൻ ട്രാഫിക് ആക്കുകയാണെങ്കിൽ വളവിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും കഴിയും തുടങ്ങിയ ഭേദഗതികളും നിർദേശങ്ങളുമാണ് ജോർജ് എം. തോമസ് എം.എൽ.എ മുന്നോട്ടുവച്ചത്.

Exit mobile version