
Report: News Desk
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ അനുവദിക്കണമെന്ന അഡ്വ. ബി എ ആളൂരിന്റെ അപേക്ഷ കോടതി തള്ളി. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി പി രാഗിണിയാണ് ഹർജി തള്ളിയത്. ജോളി നൽകിയ വിടുതൽ ഹർജി കൂടുതൽ വാദം കേൾക്കാനായി മാർച്ച് 10ലേക്ക് മാറ്റി.
ജോളിയുടെ ആവശ്യപ്രകാരമാണ് സാമ്പത്തിക ഇടപാടുകൾ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നത് എന്നായിരുന്നു ആളൂരിന്റെ ഹർജിയിൽ പറഞ്ഞിരുന്നത്. ജോളിയുമായി കൂടിക്കാഴ്‌ച നടക്കാൻ അനുവദിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം തേടിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആളൂരിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി. പ്രതിയുടെ വിലപിടിപ്പുള്ള വസ്‌തുക്കൾ ജയിലിൽ സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു സൂപ്രണ്ടിന്റെ റിപ്പോർട്ട്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് നേരിട്ട് സന്ദർശനം അനുവദിക്കാതിരുന്നതെന്നും ഓൺലൈൻ സംവിധാനമുണ്ടെന്നും സൂപ്രണ്ട് കോടതിയെ അറിയിച്ചിരുന്നു.
സാമ്പത്തിക ഇടപാട് നടത്തണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്‌ണൻ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ആളൂരിന്റെ ഹർജി തള്ളിയത്. ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച നടപടി കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു.

