ചോർന്നൊലിക്കുന്ന വീട്ടിൽ ദുരിതമനുഭവിച്ചു മണിയുംകുടുംബവും

ഈ ചെണ്ട മണിയുടെ ജീവനായിരുന്നു. കുഞ്ഞിലേ ഓമനിച്ച് കരുതലോടെ കൊണ്ട് നടന്ന ഈ ചെണ്ട തന്നെയാണ് മണിയുടെയും കുടുമ്പത്തിന്റെയും വിശപ്പകറ്റിയിരുന്നത്. അമ്പലങ്ങളിലും കല്യാണ വേദികളിലും മറ്റു ചടങ്ങുകളിലുമെല്ലാം ചെണ്ട കൊട്ടിയും തകിലും തബലയും വായിച്ചും, പരിപാടികൾ ഇല്ലാത്ത സമയത്ത് അങ്ങാടികളിൽ നടന്ന് ലോട്ടറി വിറ്റുമാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ മുതുപ്പറമ്പ്-മണ്ണെടുത്ത്കുഴി കോളനിയിലെ മണി തന്റെ ഭാര്യ രമണിയേയും മൂന്നു പെൺമക്കളെയും പോറ്റിയിരുന്നത്.  അതിനിടയ്ക്കാണ് മണി പക്ഷാഘാതം ബാധിച്ച് കിടപ്പിലാകുന്നത്. അതോടെ ജീവിതം വഴി മുട്ടി. രണ്ടു പെണ്മക്കളെ കല്യാണം കഴിപ്പിച്ചു അയച്ചതിനാൽ ഇപ്പോൾ വീട്ടിലുള്ളത് പക്ഷാഘാതം ബാധിച്ച് കിടപ്പിലായി , പരസഹായമില്ലാതെ പ്രാഥമികാവശ്യത്തിന് പോലും പോകാൻ കഴിയാത്ത മണിയും ഭിന്ന ശേഷിക്കാരിയായ 23 വയസ്സുള്ള മകളും ഭാര്യ രമണിയുമാണ്. രമണി നാടിനു സമീപത്തെ ഒരു കോക്കനട്ട് ഫാക്ടറിലിയില്‍ ജീവനക്കാരിയായിരുന്നു. വീട്ടിൽ തന്റെ സാന്നിധ്യം നിർബന്ധമായതോടെ രമണിക്ക് ആ ജോലിയും നിർത്തേണ്ടി വന്നു. ഭിന്നശേഷിക്കാരിയായ മകൾ മഹേശ്വരി ഒരു ബാലികാസദനത്തില്‍ പഠിക്കുകയാണ്. കോവിഡായതിനാല്‍ അതും മുടങ്ങിയ അവസ്ഥയിലാണ്.

മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീടാണ് ഇവർക്കുള്ളത്. വീടിന്റെ മേല്‍ക്കൂര പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടുണ്ടെങ്കിലും കീറിപ്പറിഞ്ഞ് കഴുക്കോലും പട്ടികയും നശിചതിനാൽ വെള്ളം മുഴുവന്‍ അകത്താണ്. ആകെയുള്ള ഒരു ബാത്രൂം മറയില്ലാത്ത വീടിന്റെ പുറത്തുള്ള ഒന്നാണ്. വാതിൽ പോലും ഇല്ലാത്ത ഇവിടേക്ക് രാത്രിയും മറ്റും ഏറെ കഷ്ടപ്പെട്ടാണ് രമണി മണിയെ കൊണ്ട് വരുന്നത്. വീടിന്റെ അടിത്തറ ദുര്ബലമായതിനാൽ തറയടക്കം പൊളിച്ച് നന്നാക്കേണ്ടതുണ്ട്. വിശപ്പടക്കാൻ പോലും ബുദ്ധിമുട്ടുന്ന, ഒരു വരുമാനവും ഇല്ലാത്ത ഈ കുടുംബത്തിന് ഇത് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല. വീടിനുള്ള ഫണ്ട് പഞ്ചായത്ത് വഴി പാസ്സാക്കാം എന്ന് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. ‘വീടിന്റെ മുറികള്‍ കോണ്‍ക്രീറ്റ് ചെയ്ത് ചോര്‍ച്ച മാറ്റണം. വളരെ അടിയന്തരമായി ബാത്ത്‌റൂം സൗകര്യം വേണം, പക്ഷാഘാതം ബാധിച്ച മണിച്ചേട്ടന് വിദഗ്ധ ചികിത്സ ലഭ്യമാക്കണം, ഭിന്നശേഷിക്കാരിയായ മഹേശ്വരി മോൾക്ക് ഒരു ചെറിയ ജോലി ലഭ്യമാക്കണം.’ ഇതൊക്കെയാണ് ഇപ്പോൾ ഇവരുടെ ആവശ്യം. 

error: Content is protected !!