കുന്ദമംഗലം ഗവ. കോളജ് നിര്‍മ്മാണ പ്രവൃത്തി മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു

ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷിക്കുന്ന മുന്നേറ്റമുണ്ടാക്കാന്‍ വരും ദിവസങ്ങില്‍ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍.  കുന്ദമംഗലം ഗവ. കോളേജില്‍ 5 കോടി  രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന നിലവിലുള്ള അക്കാഡമിക് ബ്ലോക്ക് രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും 2 .5 കോടി ചിലവില്‍ ചുറ്റുമതില്‍ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  നിലവില്‍ നിരവധി മലയാളി വിദ്യാര്‍ഥികള്‍ തമിഴ്‌നാട്ടിലെ ഓപ്പണ്‍ സര്‍വ്വകലാശാലകളെ ഉന്നത വിദ്യാസത്തിനായി ആശ്രയിക്കുന്നുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വരുന്നതോടെ ഈ അവസ്ഥക്ക് മാറ്റം വരുമെന്ന് മന്ത്രി പറഞ്ഞു. അതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഊര്‍ജിതമായ ശ്രമം നടക്കുന്നുണ്ട്.  കോളേജില്‍ 15 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ.റഹീം എംഎല്‍എ നിര്‍വ്വഹിച്ചു.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വെള്ളന്നൂര്‍ കോട്ടോല്‍കുന്നില്‍ വാങ്ങി നല്‍കിയ 5 ഏക്കര്‍ 10 സെന്റ് സ്ഥലത്താണ് സര്‍ക്കാര്‍ കോളജ് പ്രവര്‍ത്തിച്ചുവരുന്നത്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 3.25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അക്കാഡമിക് ബ്ലോക്കിലാണ് ഇപ്പോള്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. 261 പെണ്‍കുട്ടികളും 88 ആണ്‍കുട്ടികളുമടക്കം 349 വിദ്യാര്‍ത്ഥികളാണ് കോളജില്‍ പഠിച്ചുവരുന്നത്. ബി-കോം വിത് ഫിനാന്‍സ്, ബി.എ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് വിത് ഫണ്ടമെന്റല്‍സ് ഓഫ് ഫോറിന്‍ ട്രേഡ് & ബേസിക് ഇകണോമിക് മെത്തേഡ്‌സ്, ബി.എ ഇംഗ്ലീഷ് വിത് ജേണലിസം & പബ്ലിക് റിലേഷന്‍ കോഴ്‌സുകളാണ് കോളജില്‍ നിലവിലുള്ളത്.

2014ല്‍ ആരംഭിച്ച കോളജ് തുടക്കത്തില്‍ ആര്‍.ഇ.സി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് വേണ്ടി എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2018ലാണ് പുതിയ ക്യാമ്പസിലേക്ക് കോളജ് മാറ്റുന്നത്. കോളജില്‍ നിലവില്‍ അദ്ധ്യാപകര്‍ ഉള്‍പ്പെടെ23സ്ഥിരം ജീവനക്കാരും 9 താല്‍ക്കാലിക ജീവനക്കാരുമുണ്ട്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് റീന മുണ്ടെങ്ങാട്ട്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴി,  ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ബീന, വൈസ് പ്രസിഡന്റ് ടി.എ.രമേശന്‍, ഗ്രാമപഞ്ചായത്ത് അംഗം സുരേഷ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സജി സ്റ്റീഫന്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി വി.പി.ബഷീര്‍, പിടിഎ വൈസ് പ്രസിഡന്റ് ഷാജി ആന്റണി, കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ അലീന, കണ്‍വീനര്‍ മുഹമ്മദ് നൗഫല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു

error: Content is protected !!