വീണ്ടുമൊരു ജൂലായ് 15

ഇരുവഞ്ഞിപുഴയുടെ തീരത്ത് തെയ്യത്തുംകടവിന്റെ വിളിപ്പാടകലങ്ങളിൽ നിലച്ചുപോയ നിലവിളികളുടെ ദുരന്തോർമ നാളാണിന്ന് .  മുപ്പത്തെട്ട് വർഷം മുമ്പ് ഇത് പോലൊരു  പുലർകാല വേളയിൽ നോമ്പാലസ്യത്തിലും പെരുമഴയുടെ കുളിരിലും ഉറക്കം വിടാൻ മടിച്ചവർ കൂട്ട നിലവിളിയുടെ നിലക്കാത്ത വിളിച്ചുണർത്തിലേക്കുണരുകയായിരുന്നു. നാഴികമണി എട്ടടിച്ചിത്തിരി കഴിഞ്ഞപ്പോൾ കടവിൽ മരണമണിയുയർന്നു. അക്കരെയുള്ള കലാലയങ്ങളിലും യാത്രക്കാരെ കാത്തിരിക്കുന്ന ബസ്സിലുമെത്താൻ കൊച്ചുതോണി നിറഞ്ഞ യാത്രക്കാരുണ്ടായിരുന്നു. രണ്ടു പങ്കായ തുഴച്ചിലുകളുടെ നീളമെത്തിയപ്പോയേക്കും മുടി അഴിച്ചിട്ടാർത്തലച്ചെത്തിയ ഇരുവഴിഞ്ഞി സംഹാരതാണ്ഡവമാടി.

നീന്തലറിയാത്ത നിസ്സഹായരായ സഹയാത്രികരെ നീന്തീപിടിച്ച് കരക്കെത്തിച്ച് ,വീണ്ടുമാരെയൊക്കെയോ തിരഞ്ഞ് ഇരുവഴിഞ്ഞിയുടെ ആയങ്ങളിലേക്ക് മുങ്ങാംകുഴിയിട്ട മൊയ്തീൻ പക്ഷേ ജീവിതത്തിലേക്ക് തിരിച്ച് വന്നില്ല.മുക്കത്തിന്റെ പ്രണയ കടവിൽ കാത്തിരുന്ന കാഞ്ചന ഭൂമിയിൽ തനിച്ചായി ,പപ്പയുടെ മിഠായി പൊതിയും കാത്തിരുന്ന ഉസ്സൻകുട്ടിയുടെ മൂന്ന്‌ വയസ്സുകാരി സിനിമോൾ അന്നനാഥയായി ,കോയസ്സൻ മാഷിനും ആയിശക്കും ഉടലുപോലും തിരിച്ചു നൽകാതെ അംജത് മോനെ ഇരുവഴിഞ്ഞികൊണ്ട് പോയി.  മഴ ഒളിച്ചു കളിക്കുന്ന ഇന്നിന്റെ പുലർകാലത്ത് കരയാതെ, കലങ്ങാതെ ഇരുവഴിഞ്ഞി ശാന്തമായ് ഒഴുകുന്നു. തെയ്യത്തുംകടവിൽ ഇടതു വാഗ്ദാനം പാലമായി .കാലവും കോലവും ഏറെ മാറി.ഓർമകൾ പെഴ്തൊടുങ്ങാത്ത മനസ്സുകൾ ഇരുവഴിഞ്ഞി പുഴയുടെ തീരത്തിന്നും പെയ്യും.കണ്ണീരോർമ പുഴകളിൽ മൊയ്തീനും ഉസ്സൻകുട്ടിയും അംജത് മോനും സ്നേഹ കടവുകളിൽ നീന്തി കയറും.പാദസ്വരങ്ങളഴിഞ്ഞു പോയ ഇരുവഴിഞ്ഞി വീണ്ടും ഒഴുകും, കാത്തിരിക്കുന്ന അറബികടലിലെത്തും .ഓർമകളുടെ തീരത്ത് എത്താതെ പോയ ‘ സ്നേഹക്കടലുകൾ ഓർത്ത് ചിലരെങ്കിലും ബാക്കിയാവും.

error: Content is protected !!
%d