Site icon CTV Online

അവാർഡ് തിളകത്തിൽ പ്രശാന്ത് കൊടിയത്തൂർ

Report: News Desk

മുക്കം: കേരളത്തിന്റെ തനതുകലാരൂപങ്ങൾ ഇതരസംസ്ഥാനങ്ങളിൽ പാവനാടകത്തിലൂടെയും നിഴൽ നാടകത്തിലൂടെയും പരിചയപ്പെടുത്തുന്ന അധ്യാപകനെത്തേടി ഇത്തവണ എത്തിയത് സംസ്ഥാന സർക്കാരിന്റെ ഫോക്‌ലോർ പുരസ്കാരം. ദേശീയ, സംസ്ഥാന അധ്യാപക പുരസ്കാര ജേതാവായ പ്രശാന്ത് കൊടിയത്തൂരിനാണ് ഈ നേട്ടം.

ഉത്തരാഖണ്ഡിൽ 5 സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ സാംസ്കാരിക വിനിമയ പരിപാടിയി‍ൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു പാവ നാടകം അവതരിപ്പിച്ചു. കർണാടക, ബംഗാൾ, തമിഴ്നാട്, കേരളം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചുളളതായിരുന്നു പരിപാടി. ദേശീയോദ്ഗ്രഥന പരിപാടിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കു മുന്നിലും പാവനാടകം അവതരിപ്പിച്ചു.

അപൂർവവും വളരെ പ്രാചീനവുമായ കലാരൂപമായ നിഴൽ നാടകം പാവനാടകത്തിന്റെ മറ്റൊരു രൂപമാണ്. തിരശീലയ്ക്കു പിന്നിൽ കഥാപാത്രങ്ങളുടെ നിഴൽ വീഴ്ത്തിയാണ് നിഴൽ നാടക അവതരണം. അന്യം നിൽക്കുന്ന കലാരൂപത്തിന് പുതിയ രൂപവും ഭാവവും നൽകി ജനകീയമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പ്രശാന്ത് കൊടിയത്തൂർ പറയുന്നു.

നിഴൽ നാടകത്തിൽ കഥാപാത്രങ്ങളുടെ രൂപകൽപന നടത്തുന്നതും പ്രശാന്ത് തന്നെ. അധ്യാപനത്തിനും പാവ നാടകം ഉപയോഗിക്കുന്നു. വേറിട്ട പഠന തന്ത്രങ്ങളും ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങളും പരിഗണിച്ചാണ് 2016 ൽ സംസ്ഥാന അധ്യാപക അവാർഡും 2017 ൽ ദേശീയ അധ്യാപക അവാർഡും ലഭിച്ചത്.

വിദ്യാഭ്യാസ മേഖലയിലും സാമൂഹിക രംഗത്തും പരമ്പരാഗത കലാരൂപത്തിലൂടെ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാർഡ് തേടിയെത്തിയത്. 15 ലേറെ തരത്തിലുള്ള പാവനാടകങ്ങൾ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിലൂടെയുള്ള ഓൺലൈൻ ക്ലാസുകളിലും പ്രശാന്തിന്റെ നിഴൽ നാടകങ്ങൾ ഇടം കണ്ടെത്തി. സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ പാവനാടക സംഘവും രൂപീകരിച്ചു. അരീക്കോട് ഗവ. യുപി സ്കൂൾ അധ്യാപകനാണ്. അധ്യാപികയായ ഭാര്യ ശൈലജ, കാർത്തിക്, നീരജ് എന്നീ മക്കളുടെ പിന്തുണയും സഹകരണവും കരുത്തേകുന്നു.

Exit mobile version