Site icon CTV Online

പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാന്‍ ഫൈബർ ബോട്ട് നിർമിച്ച് സുബ്രൻ

Report: News Desk

മുക്കം:സുബ്രൻ അറിയപ്പെടുന്ന വെറുമൊരു ശിൽപിയും ചിത്രകാരനും മാത്രമല്ല ഒരു പരിസ്ഥിതി സംരക്ഷകനുമാണ്. ഇതുകൊണ്ടു തന്നെ ശിൽപങ്ങൾ കൊത്തിയെടുക്കുന്നതിൽ മികവും കഴിവും തെളിയിച്ച സുബ്രഹമണ്യൻ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഇരുവഞ്ഞിപ്പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ നീക്കം ചെയ്യുന്നതിനായി തന്റെ കരവിരുതിലൂടെ സ്വന്തമായി ഫൈബർ ബോട്ടും നിർമിച്ചു. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചായിരുന്നു ബോട്ട് നിർമാണം.

സ്വന്തമായി ബോട്ട് വാങ്ങാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സുബ്രൻ സ്വന്തമായി ബോട്ട് നിർമ്മിച്ചത് . സിമന്റും മണ്ണും ഉപയോഗിച്ച് മോൾഡ് ഉണ്ടാക്കി. മറ്റ് അസംസ്കൃത വസ്തുക്കൾ സുഹൃത്തുക്കളുടെ സഹായത്തോടെയും ശേഖരിച്ചു. കരിങ്കല്ലുകളിലും കോൺക്രീറ്റിലും സുബ്രൻ ഒട്ടേറെ ശിൽപങ്ങൾ നിർമിച്ചിട്ടുണ്ട്. റിസോർട്ടുകളിലും പാർക്കുകളിലും ഇദ്ദേഹത്തിന്റെ കൈമുദ്ര പതിഞ്ഞ ശിൽപങ്ങളുണ്ട്. മുക്കത്തിന്റെ ‘ശിൽപി’എന്നറിയപ്പെടുന്ന വയലിൽ വി.മൊയ്തീൻകോയ ഹാജിയുടെ ഛായാ ചിത്രം സ്ഥാപിക്കുന്നതിനായി ഇപ്പോൾ ഏറ്റവും ഒടുവിലായി റാന്തൽ വിളക്കുമായി നിൽക്കുന്നൊരു ശിൽപവും നിർമിച്ചിട്ടുണ്ട്.

മുക്കം അനാഥശാലയുടെ സ്ഥാപകനും മുക്കത്തും പരിസരത്തും തലയുയർത്തി നിൽക്കുന്ന ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരുന്നതിൽ മുൻനിരയിൽ പ്രവർത്തിക്കുകയും ചെയ്ത മൊയ്തീൻ കോയ ഹാജിയുടെ സ്മാരകമായി വഴിവിളക്കായിട്ടാണ് റാന്തൽ ശിൽപം നിർമിച്ചത്. സുബ്രന്റെ ഇഷ്ടപുഴ ഇരുവഞ്ഞിയുടെ തീരത്ത് ഇത് സ്ഥാപിക്കുകയും ചെയ്തു.മികച്ച ചിത്രകാരൻ കൂടിയായ സുബ്രൻ എം.എൻ.കാരശ്ശേരിയുടെ പുസ്തകങ്ങളുടെ കവർ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. സുരാസുവിന്റെ സുരായനം പുസ്തകത്തിന്റെ കവർ ചിത്രവും സുബ്രന്റേത്. ഭാര്യ പ്രേമിയും മക്കളായ ഗാർഷ്യയും ഇബിൻസുവും മരുമകൾ അർച്ചനയും സുബ്രന് ഒരു കൈ സഹായമായി കൂടെയുണ്ട് എപ്പോഴും.

Exit mobile version