കോഴിക്കോട് കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെപൊലീസ് എറിഞ്ഞ കണ്ണീർവാതക ഷെൽ തിരിച്ചെറിഞ്ഞ് യൂത്ത് കോൺഗ്രസുകാർ; ചിതറിയോടി പൊലീസ്

കോഴിക്കോട്∙ കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് എറിഞ്ഞ കണ്ണീർ വാതക ഷെൽ നിലത്തുനിന്ന് എടുത്ത് പൊലീസിനു നേരെ തിരിച്ചെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു പ്രവർത്തകരെ മാറ്റുന്നതിനിടയിൽ ഈസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ കോളജ് യൂണിറ്റ് പ്രസിഡന്റ് ജോയൽ ആന്റണിയെ ഡിസിപി കെ.ഇ.ബൈജു കഴുത്തിനു പിടിച്ചു ഞെരിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ മാർച്ച്. ഇതിനിടെ പൊലീസ് പ്രയോഗിച്ച കണ്ണീർ വാതക ഷെല്ലാണ്, ഒരു പ്രവർത്തകൻ നിലത്തുനിന്നെടുത്ത് തിരിച്ചെറിഞ്ഞത്. സംഭവത്തിന്റെ വിഡിയോ വൈറലായി.

മാർച്ച് തടയുന്നതിനായി പൊലീസ് നിരത്തിവച്ച ബാരിക്കേഡിനു സമീപം നിന്ന ബഹളം വച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാനാണ് പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്. ബാരിക്കേഡിനു സമീപം നിന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ കണ്ണീർ വാതക ഷെൽ എറിഞ്ഞതോടെ പ്രവർത്തകർ നാലുപാടും ചിതറി. ഇതിനിടെ കയ്യിൽ തുണിയുമായി ഓടിയെത്തിയ ഒരു പ്രവർത്തകൻ, അതെടുത്ത് തിരിച്ച് പൊലീസിനു നേരെ എറിയുകയായിരുന്നു.

ഇതോടെ പൊലീസ് സംഘം ചിതറിയോടി. സമരത്തെ നേരിടുന്നതിനായി എത്തിച്ച ജലപീരങ്കിയുമായെത്തിയ വാഹനവും പിന്നിലേക്കു മാറ്റി. കണ്ണീർ വാതകം സൃഷ്ടിച്ച വൈഷമ്യത്തെ തുടർന്ന് പൊലീസുകാർ റോഡിൽനിന്ന് ഓടി മാറുന്നത് വിഡിയോയിൽ കാണാം. പ്രവർത്തകൻ കണ്ണീർ വാതക ഷെൽ തിരിച്ചെറിയുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദാരവം മുഴക്കുന്നതും വിഡിയോയിലുണ്ട്. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് സംഘം കണ്ണീർ വാതകത്തെ ‘മെരുക്കിയത്’.

error: Content is protected !!