
Web Desk
സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും കള്ളവോട്ടു നടന്നതായി പരാതി. തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി മണ്ഡലങ്ങളിൽ വോട്ടർമാർ പോളിങ് ബൂത്തുകളിൽ എത്തിയപ്പോൾ മറ്റാരോ വോട്ടു ചെയ്തെന്നു പ്രിസൈഡിങ് ഓഫീസർ അറിയിക്കുകയായിരുന്നു. മൂന്നു സംഭവങ്ങളിലും പ്രതിഷേധം ഉയർന്നതോടെ ടെൻഡർ വോട്ടു ചെയ്യാൻ അനുവദിച്ചു. സംഭവത്തിൽ റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി. കളമശേരി മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂർ എൽപി സ്കൂൾ 77-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയർന്നത്. ഇവിടെ അര മണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. അജയ് ജി.കൃഷ്ണ എന്ന ആളുടെ വോട്ട് നേരത്തേ ആരോ ചെയ്തു പോയതായാണ് പരാതി. ഇദ്ദേഹത്തിന് പിന്നീട് ടെൻഡർ വോട്ടു രേഖപ്പെടുത്താൻ അനുമതി നൽകി. എൻഡിഎ സ്ഥാനാർഥി പോളിങ്ങ് ബൂത്തിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. എൻഡിഎ ഭാരവാഹികൾ പോളിങ് ഓഫീസർക്ക് പരാതി നൽകി.
തൃപ്പൂണിത്തുറയിൽ സർക്കാർ ഗേൾസ് എൽപി സ്കൂളിലെ 51എ ബൂത്തിൽ 864ാം ക്രമനമ്പറുകാരനായ യുവാവിന്റെ വോട്ടാണ് കള്ളവോട്ടായി ചെയ്തത്. യഥാർഥ വോട്ടർ രാജേഷ് വോട്ടു ചെയ്യാനെത്തിയപ്പോൾ മറ്റാരോ ചെയ്തു പോയെന്ന് അറിയിക്കുകയായിരുന്നു. തൃക്കാക്കര 112എ ബൂത്തിലും കള്ളവോട്ട് നടന്നു. യഥാർഥ വോട്ടർ വോട്ട് ചെയ്യാൻ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തതായി വ്യക്തമാകുകയായിരുന്നു. തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ വോട്ടർമാർക്ക് ബൂത്തിലെത്തിയപ്പോൾ തപാൽ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞു വോട്ടു ചെയ്യുന്നത് നിഷേധിച്ചു. തിരുവനന്തപുരത്ത് കഴക്കൂട്ടം, പാറശാല മണ്ഡലങ്ങളിലും ഇടുക്കിയിൽ ദേവികുളത്തുമാണ് ഇതുണ്ടായത്. കഴക്കൂട്ടം ചന്തവിള ബൂത്ത് നമ്പർ 24ൽ വോട്ടറായ ജോയിയുടെ വോട്ടും തപാൽ വോട്ടായി മറ്റാരോ രേഖപ്പെടുത്തി.
