
Report: News Desk
താമരശേരിയിൽ ശനി, ഞായര്‍ ദിവസങ്ങളില്‍ ചുരത്തില്‍ ശനിയാഴ്ച തുടര്‍ച്ചയായി മൂന്ന് അപകടങ്ങള്‍. സംഭവത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. രണ്ടാം വളവിനു താഴെ വൈകുന്നേരം മൂന്നിന് വയനാട്ടിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയും മരം കയറ്റി വയനാട്ടില്‍ നിന്ന് ചുരമിറങ്ങി വരുകയായിരുന്ന മിനി ലോറിയും കൂട്ടിയിടിച്ച് മിനി ലോറി റോഡിനു നടുവിലേക്ക് മറിഞ്ഞാണ് ആദ്യ അപകടം.
മിനിലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തൊട്ടു പിന്നാലെ രണ്ടാം വളവിന് സമീപത്തു തേക്കുംതോട്ടത്തില്‍ ബൊലേറോ ജീപ്പും ലോറിയും തമ്മിലുരസി ബൊലേറോ ഡ്രെയിനേജിലേക്ക് ചാടി. സംഭവത്തില്‍ അരമണിക്കൂറോളം ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. വൈകുന്നേരം ഏഴിന് ചാപ്പിലിത്തോട്ടില് ബൈക്ക് തെന്നി മറിഞ്ഞ് കക്കോടി സ്വദേശി ഫിറോസ്(40)ന് സാരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ ഫിറോസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ട്രാഫിക് പോലീസും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്. അടിവാരത്തു നിന്ന് ക്രെയിനെത്തിച്ച് വാഹനങ്ങള്‍ മാറ്റിയാണ് ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയത്.
