
Report: News Desk
കോഴിക്കോട്: പ്രശസ്ത മാധ്യമപ്രവർത്തകൻ ടി എൻ ഗോപകുമാറിന്‍റെ പേരിലുള്ള 2020-ലെ ടിഎൻജി പുരസ്കാരം ഇന്ന് സമ്മാനിക്കും. കരിപ്പൂർ വിമാന ദുരന്തത്തിൽ മനുഷ്യത്വത്തിന്‍റെ കരങ്ങൾ നീട്ടിയ നാട്ടുകാർക്കാണ് ഇത്തവണ പുരസ്കാരം. ടിഎൻജിയുടെ ഓർമദിനമായ ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മിസോറം ഗവർണർ പിഎസ് ശ്രീധരൻ പിളള പുരസ്കാരം സമ്മാനിക്കും.
കഴിഞ്ഞ ആഗസ്റ്റിൽ കേരളം കണ്ട വലിയ ദുരന്തമായിരുന്നു കരിപ്പൂരിലെ വിമാന അപകടം. ആ ദുരന്തത്തിൽ പെട്ട ഭൂരിഭാഗം യാത്രക്കാർക്കും ആയുസ്സ് നീട്ടിക്കിട്ടിയത് പ്രദേശവാസികളുടെ തിടുക്കത്തിലുള്ള രക്ഷാപ്രവർത്തനം കാരണമാണ്. കേരളം കണ്ട ഏറ്റവും മനുഷ്യത്വമുള്ള രക്ഷാപ്രവർത്തകരായിരുന്നു കരിപ്പൂരിലേത്.
തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലാണ് ചടങ്ങ്. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്കാരം. ചടങ്ങിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ, മുൻ മന്ത്രി വിഎം സുധീരൻ എന്നിവർ പങ്കെടുക്കും. പരിചിതർ പോലും അകന്നിരുന്ന കൊവിഡ് കാലത്ത് അസാധാരണ തീരുമാനത്തിലൂടെ ഒരു കുടുംബത്തെ, അവരുടെ കുഞ്ഞുങ്ങളെ ചേർത്ത് നിർത്തിയ ഡോ.മേരി അനിത, പത്തനംതിട്ട ജില്ലയെ പ്രതിസന്ധികാലത്ത് മികവോടെ നയിച്ച പി ബി നൂഹ് ഐഎഎസ്, കരിപ്പൂരിൽ വിമാനദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാൻ തടസ്സങ്ങൾ വകവെക്കാതെ മുന്നിട്ടിറങ്ങിയ മനുഷ്യത്വമുളള മുഖങ്ങൾ, കാസർകോടിന് തുണയായി കൊവിഡ് ചികിത്സയ്ക്ക് ആശുപത്രിയൊരുക്കിയ ടാറ്റാ ഗ്രൂപ്പ് എന്നിവരാണ് അവസാന റൗണ്ടിലെത്തിയ നാല് എൻട്രികള്‍.
