
Report: News Desk
വിദ്യാർഥികളെ വലച്ച് കാലിക്കറ്റ് സർവകലാശാല. പരീക്ഷ അടുത്തെത്തിയിട്ടും സ്റ്റഡി മെറ്റീരിയലോ കോൺടാക്ട് ക്ലാസോ ലഭിക്കാതെ കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ ബിഎ വിദ്യാർഥികൾ. അഞ്ചാം സെമസ്റ്റർ പരീക്ഷ മാർച്ച് 15 നും ആറാം സെമസ്റ്റർ മാർച്ച് 31 നും ആരംഭിക്കാനിരിക്കെ, എന്തു പഠിക്കണമെന്നറിയാതെ ബുദ്ധിമുട്ടുകയാണു വിദ്യാർഥികൾ. ഇന്റർനെറ്റിൽ നോക്കി പഠിക്കാനാണ് അധികൃതരുടെ ഉപദേശം.
ഒരു സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് അടുത്ത സെമസ്റ്റർ പരീക്ഷയ്ക്കു ചുരുങ്ങിയത് 6 മാസമെങ്കിലും സാവകാശം ലഭിക്കാറുണ്ടെങ്കിലും ഇത്തവണ 6 ദിവസം മാത്രമാണ് അനുവദിച്ചത്. ലോക്ഡൗൺ കഴിഞ്ഞ് ഓൺലൈൻ ക്ലാസുകൾ എല്ലാ കോളജുകളിലും ആരംഭിച്ചെങ്കിലും ഓൺലൈനായി പോലും കോൺടാക്ട് ക്ലാസ് നടത്തിയിട്ടില്ല. കോവിഡ് പ്രതിസന്ധി മൂലം പഠനസൗകര്യം ലഭിക്കാതെ വിദ്യാർഥികൾ ആശങ്കയിൽ കഴിയുമ്പോഴാണു പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചത്.
സ്റ്റഡി മെറ്റീരിയൽ ലഭിച്ചാൽ തന്നെ പഠിക്കാൻ കിട്ടുക 15 ദിവസം മാത്രം. തമിഴ്നാട്ടിലെയും മറ്റും സർവകലാശാലകൾ സ്റ്റഡി മെറ്റീരിയലും ഓൺലൈൻ ക്ലാസുകളും ഇതിനകം നൽകിക്കഴിഞ്ഞു. വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്ന വിദ്യാർഥികളോട് കാലിക്കറ്റ് സർവകലാശാല കാണിക്കുന്ന വിവേചനത്തിൽ ഡിസ്റ്റൻസ് എജ്യുക്കേഷൻ ഫോറം പ്രതിഷേധിച്ചു.
