Site icon CTV Online

എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി. മെയ് 5 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട തുടര്‍ നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

കുട്ടികള്‍ ഒന്നിച്ചെത്തി പരീക്ഷ നടത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആശങ്കയുണ്ടായിരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയും മാറ്റിയിരുന്നു. ഈ മാസം 28ന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിയത്. കൊവിഡ് വ്യാപനം കുറഞ്ഞാല്‍ മെയ് മാസത്തില്‍ പരീക്ഷ നടത്തിയേക്കും. കുറഞ്ഞില്ലെങ്കില്‍ പരീക്ഷ ഒഴിവാക്കാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ തിയറി പരീക്ഷകളുടെ മാര്‍ക്ക് അടിസ്ഥാനമാക്കി പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്ക് നിശ്ചയിക്കും.

Exit mobile version