
Web Desk
താന്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാര്‍ത്തക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വാര്‍ത്ത നല്‍കിയ ക്രൈം നന്ദകുമാറിനെതിരെയാണ് സ്പീക്കറുടെ നോട്ടീസ്. അപവാദപ്രചരണം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിയ്ക്കും എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
നോട്ടീസ് കിട്ടി ഏഴുദിവസത്തിനകം സമൂഹമാധ്യമത്തിലൂടെ ക്രൈം നന്ദകുമാര്‍ പ്രസ്തുത വാര്‍ത്തയും വീഡിയോയും പിന്‍വലിച്ച് നിരുപാധികം മാപ്പുപറയണമെന്നാണ് നോട്ടീസിലെ ആവശ്യം. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം സ്റ്റോറിയിലും തുടര്‍ന്ന് നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന പ്രചാരണങ്ങള്‍ തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തന്നെ രംഗത്തെത്തിയിരുന്നു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു, കുടുംബം തകര്‍ന്നുപോയി തുടങ്ങിയ ദിവാസ്വപ്നങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു നികൃഷ്ടജീവി നവമാധ്യമങ്ങളിലൂടെ പ്രചരണം ആരംഭിച്ചെന്നും പലരും അതേറ്റുപിടിച്ചെന്നും പാവപ്പെട്ട പലരും അത് വിശ്വസിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ ഒരു ആത്മഹത്യയുടേയും മുന്നില്‍ അഭയം പ്രാപിക്കുന്ന ആളല്ല താനെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
