
Local News
കേരളത്തിൽ നിക്ഷേപക സംരക്ഷണ നിയമം കൊണ്ടുവരുമെന്നും നിയമം വഴി ഹർത്താൽ നിരോധിക്കുമെന്നും കോൺഗ്രസ് നേതാവ് ഡോ. ശശി തരൂർ എം.പി പറഞ്ഞു. തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സി.പി ചെറിയ മുഹമ്മദിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം നിയോജക മണ്ഡലം യു.ഡി.വൈ.എഫ് സംഘടിപ്പിച്ച ‘വാക് ഫോർ സി.പി’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നതും ബസുകൾ തടയുന്നതും നിയമം വഴി നിർത്തലാക്കും. കഴിഞ്ഞ അഞ്ചുവർഷം എൽ.ഡി.എഫ് സർക്കാർ കേരളത്തെ കടത്തിൽ മുങ്ങിയിരിക്കുകയാണ്. ശമ്പളം നൽകുന്നതും കിറ്റ് വിതരണം ചെയ്യുന്നതുമെല്ലാം കടം വാങ്ങിയിട്ടാണ്. നാളത്തെ തലമുറയുടെ തലയിൽ കെട്ടിവച്ച് കടമാണ് ഇതൊക്കെ. നിക്ഷേപകർ കൊണ്ടുവരുന്ന മൂലധനം കേരളത്തിലെ യുവാക്കൾക്ക് തൊഴിൽ നൽകാൻ ആണ്. കഴിഞ്ഞ ഉമ്മൻചാണ്ടി ഭരണകാലത്ത് സിംഗിൾ വിൻഡോ സിസ്റ്റം ഉണ്ടാക്കിയിരുന്നു. ഇടതു സർക്കാരിൻ്റെ നിക്ഷേപകരോടുള്ള മനോഭാവം കാരണം കേരളത്തിലെ യുവാക്കൾക്ക് മറ്റു സംസ്ഥാനങ്ങളിൽ ജോലി തേടി പോകേണ്ട അവസ്ഥയാണ്.
കേരളത്തിൻ്റെ ടൂറിസം വികസനത്തിനായി സംസ്ഥാനത്തിൻ്റെ പാരിസ്ഥിതിക വൈവിധ്യങ്ങളെ ഉൾപ്പെടുത്തി വെൽനസ് ടൂറിസം, എക്കോളജിക്കൽ ടൂറിസം എന്നിവ നടപ്പിലാക്കും. കേരളത്തിൽ പഠിക്കുന്ന യുവാക്കൾക്ക് ജോലി കിട്ടുന്നില്ലെന്നും എൻജിനീയറിങ് പാസായ 66 ശതമാനം വിദ്യാർഥികളും അതുമായി ബന്ധമില്ലാത്ത ജോലികളാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ഗുണനിലവാരം പരിശോധിക്കാനും അക്കാദമിക് നിലവാരം ഉയർത്താനും യു.ഡി.എഫ് എജ്യുക്കേഷൻ റിവ്യൂ കമ്മിഷൻ കൊണ്ടുവരും. കുട്ടികളുടെ വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെ രക്ഷിതാക്കൾ ഒരു വർഷം അഞ്ച് ബില്യൺ ഡോളറാണ് ചിലവാക്കുന്നത്. ഇത് മുന്നിൽ കണ്ട് ലോകനിലവാരത്തിലുള്ള യൂനിവേഴ്സിറ്റികൾ കേരളത്തിൽ സ്ഥാപിക്കുമെന്നും ലോകോത്തര വിദ്യാഭ്യാസം കേരളത്തിൽ കൊണ്ടുവരുമെന്നും ശശിതരൂർ പറഞ്ഞു.
സ്ഥാനാർഥി സി.പി ചെറിയ മുഹമ്മദ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ജെ ആന്റണി, ബാബു പൈക്കാട്ടിൽ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് സി.കെ കാസിം തുടങ്ങിവർ സംബന്ധിച്ചു.
