Site icon CTV Online

ദുരഭിമാന കൊല;’തൊണ്ണൂറ് ദിവസമേ താലി കാണൂ’, ഹരിതയെ ഭീഷണി പെടുത്തിയതായി അനീഷിന്റെ അച്ഛൻ

Report: News Desk

പാലക്കാട്: ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്‍റെ ഭാര്യ ഹരിതയെ അച്ഛനും അമ്മാവനും പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്‍റെ അച്ഛൻ ആറുമുഖൻ. അച്ഛൻ പ്രഭുകുമാർ ഫോണിലൂടെയും, അമ്മാവൻ സുരേഷ് നേരിട്ടെത്തി മൂന്നു നാല് തവണ ഭീഷണിപ്പെടുത്തി.ഇളയ കുട്ടിക്ക് ഓൺലൈനായി പഠിക്കാൻ വാങ്ങിക്കൊടുത്ത ഫോൺ സുരേഷ് എടുത്തുകൊണ്ടുപോയി. സ്ഥിരമായി മദ്യപിച്ചാണ് സുരേഷ് എത്തിയിരുന്നതെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും അനീഷിന്‍റെ അച്ഛൻ പറഞ്ഞു.

”എനിക്ക് എട്ട് മക്കളാ. മൂത്തവനാ ഇവൻ. കുട്ടിയുടെ അമ്മാവൻ ഇടയ്ക്കിടയ്ക്ക് ഇവിടെ വരുമായിരുന്നു. ഭീഷണിപ്പെടുത്തിയിട്ട് പോകും. തൊണ്ണൂറ് ദിവസമേ താലി കാണൂ എന്നാ അവൻ പറഞ്ഞത്. അത് നടത്തി”, തൊണ്ടയിടറി അനീഷിന്‍റെ അച്ഛൻ ആറുമുഖൻ പറഞ്ഞു . തെരഞ്ഞെടുപ്പിന്‍റെ തിരക്കുകളാണെന്ന് പറഞ്ഞാണ് സ്ഥലം എസ്ഐ പരാതിയിൽ നടപടികളെടുക്കാതിരുന്നതെന്നും ആറുമുഖൻ പറയുന്നു.സുരേഷ് സംസാരിച്ചത് റെക്കോഡ് ചെയ്യാൻ ശ്രമിച്ചെന്ന് പറഞ്ഞാണ് ഫോൺ പിടിച്ചുവാങ്ങിയതെന്ന് ഹരിതയും പറയുന്നു. അനീഷിന്‍റെ അമ്മയുൾപ്പടെയുള്ളവർ എഴുന്നേൽക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത സ്ഥിതിയിലാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കാത്തിരുന്ന് പക വീട്ടിയ സംഭവത്തിന്‍റെ ഞെട്ടലിലാണ് കുടുംബം.

സുഹൃത്തായ അരുണിനൊപ്പം ക്രിസ്മസ് ദിനത്തിൽ വൈകിട്ട് കടയിലേക്ക് പോവുകയായിരുന്നു അനീഷ്. പോകുന്ന വഴിയ്ക്കാണ് ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും കമ്പിയും വടിവാളുമായി ആക്രമിച്ചത്. കമ്പി കൊണ്ടടിച്ച് വീഴ്ത്തി. വടിവാള് കൊണ്ട് ആദ്യം കാലിലും കഴുത്തിലുമായി വെട്ടുകയായിരുന്നു. ഇവർ രക്ഷപ്പെട്ട ശേഷം അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ”കല്യാണം കഴിഞ്ഞ് കൃത്യം മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ. സ്പ്ലെൻഡർ ബൈക്കിലാണ് അവർ വന്നത്. വണ്ടി തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു”, എന്ന് അനീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ദൃക്സാക്ഷിയുമായ അരുൺ പറഞ്ഞു.

Exit mobile version