
Web Desk
പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ മനക്കര മനയില്‍ പി.എസ്. ബാനര്‍ജി അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ബാനര്‍ജി. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്കിലെ ഒരു ഐ.ടി. സംരംഭത്തില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ജയപ്രഭ. മക്കള്‍: ഓസ്‌കാര്‍, നൊബേല്‍. ബാനര്‍ജി പാടിയ ‘താരക പെണ്ണാളെ കതിരാടും മിഴിയാളെ’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
കേരളം കണ്ട മികച്ച കാരിക്കേച്ചറിസ്റ്റുകളില്‍ ഒരാളായ ബാനര്‍ജിയുടെ വരകള്‍ ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ രണ്ടിന് കോവിഡ് പോസിറ്റീവായ ശേഷം ആശുപത്രിയിലായിരുന്നു. ലളിതകലാ അക്കാദമിയുടെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് രണ്ടാഴ്ച മുന്‍പാണ് ബാനര്‍ജി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച യുവ പ്രതിഭയായി 2014-ല്‍ സംസ്ഥാന ഫോക് ലോര്‍ അക്കാദമി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ചൈതന്യ ലെയ്‌നിലായിരുന്നു താമസം. ബാനര്‍ജിയുടെ വിയോഗത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി അനുശോചിച്ചു.
