
Web Desk
രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ കായിക താരങ്ങളെ സമരത്തിലേക്ക് തള്ളിവിട്ടത് ശരിയല്ലെന്ന് ഒളിംപ്യൻ പി.ടി. ഉഷ. സർക്കാർ, ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ അത് നല്‍കണം. ഉത്തരവിറങ്ങിയിട്ടും, ജോലി കിട്ടാനായി സമരം ചെയ്യേണ്ടി വരുന്ന കായിക താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. സര്‍ക്കാര്‍ ജോലി നല്‍കി എന്നുപറഞ്ഞ്, പ്രചരിപ്പിച്ച പട്ടികയിലുള്ള നിരവധിപ്പേര്‍ ഇപ്പോഴും ഉപജീവനത്തിന് കഷ്ടപ്പെടുകയാണ്. നിരവധി നേട്ടങ്ങള്‍ കൈവരിച്ചവരാണെങ്കിലും ആരും പറയാനില്ലാത്ത സാഹചര്യത്തിലാണ് കായിക പ്രതിഭകള്‍ പ്രത്യക്ഷ സമരമാര്‍ഗം സ്വീകരിച്ചത്. യോഗ്യതയുള്ളവര്‍ പുറത്തിരിക്കുമ്പോള്‍ രേഖകളില്‍ കൃത്രിമം കാട്ടി അടുപ്പക്കാര്‍ക്ക് നിയമനം നല്‍കിയതായി പ്രതിഷേധത്തിനിറങ്ങിയവർ ആരോപിച്ചു. ഇതിന് ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട് പ്രവര്‍ത്തിച്ചുവെന്നും ആരോപണമുണ്ട്.
ഇന്‍വിറ്റേഷണല്‍ മീറ്റുകളിലെ സര്‍ട്ടിഫിക്കറ്റുകള്‍, ഉദ്യോഗസ്ഥരുടെയും അസോസിയേഷന്‍ ഭാരവാഹികളുടെയും സഹായത്താല്‍ രാജ്യാന്തരനേട്ടമായി പരിഗണിക്കപ്പെട്ട് നിയമനം നേടിയവരും ഉണ്ട്. ജോലി നല്‍കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട കായിക താരങ്ങളില്‍ പലരും ഇന്നും ദുരിത ജീവിതമാണ് നയിക്കുന്നത്. സത്യം ബോധ്യപ്പെട്ടിട്ടും, കായിക വകുപ്പോ, സ്പോട്സ് കൗണ്‍സിലോ പ്രശ്നത്തില്‍ ഇടപെടാതെ മൗനം തുടരുകയാണ്.
