Site icon CTV Online

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച സംഭവം: ഭർത്താവും ഭർതൃപിതാവും പിടിയിൽ

Web Desk

പച്ചാളത്ത് സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ക്രൂരമായി പട്ടിണിക്കിട്ടു പീഡിപ്പിച്ച പ്രതികൾ പൊലീസ് പിടിയിലായി. യുവതിയുടെ ഭർത്താവ് ടെക്നോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ജിപ്സനും പിതാവുമാണ് പിടിയിലായത്. പള്ളിക്കരയിലെ ഒരു ബന്ധു വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

യുവതിയെയും പിതാവിനെയും ക്രൂരമായി മർദിച്ച ജിപ്സനും പിതാവും, പിതാവിന്റെ കാല് തല്ലിയൊടിച്ചിരുന്നു. യുവതി നൽകിയ പരാതിയിൽ പൊലീസ് ആദ്യഘട്ടത്തിൽ കേസെടുക്കാതിരിക്കുകയും പിതാവിനു മർദനമേറ്റ കേസിൽ നിസാര വകുപ്പുകൾ മാത്രം ചുമത്തി പ്രതികളെ അറസ്റ്റു ചെയ്തു വിട്ടയയ്ക്കുകയും ചെയ്തത് വാർത്തയായിരുന്നു. പ്രതിയുടെ ബന്ധുവായ പൊലീസുകാരന്റെ സ്വാധീനത്താലാണ് പൊലീസ് കേസെടുക്കാതിരുന്നത് എന്നായിരുന്നു ആക്ഷേപം. ഇതോടെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഇവർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ നേരിട്ടു പോയി കണ്ട് നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
വിവാഹം കഴിച്ചു മൂന്നാം ദിവസം മുതൽ സ്വർണം വേണമെന്നും വീടിന്റെ വീതം വേണമെന്നും ആവശ്യപ്പെട്ടു യുവതിയെ പട്ടിണിക്കിട്ടു വരികയായിരുന്നു. ഇതിനിടെ യുവതിയെ ക്രൂരമായി മർദിച്ച സംഭവവുമുണ്ടായി. ഇതു ചോദിക്കാൻ ചെന്നതിനാണ് പിതാവിനെ ക്രൂരമായി മർദിച്ചത്.
ജിപ്സന്റെ ആദ്യ ഭാര്യയെയും ഇയാൾ ക്രൂരമായി മർദിച്ചിരുന്നതായും ബ്ലേഡ് വച്ചു മുറിവേൽപിച്ചിരുന്നതായും നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. ഇതേ ആരോപണവുമായി യുവതിയുടെ സഹോദരിയും രംഗത്തെത്തി. എന്നാൽ പെൺകുട്ടിയുടെ വിവാഹാലോചന പുരോഗമിക്കുന്നതിനാൽ പൊലീസിൽ പരാതി നൽകുന്നില്ലെന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്.

Exit mobile version