മുക്കത്ത് ജീരക സോഡയിൽ ചത്ത എലി

കോഴിക്കോട്: മുക്കത്ത് ജീരക സോഡയിൽ നിന്നും ചത്ത എലിയെ കണ്ടെത്തി. സോഡ കുടിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി മുക്കം കടവ് പാലത്തിന് സമീപമുള്ള തട്ട് കടയിൽ നിന്നുമാണ് മുത്തേരി സ്വദേശിയായ വിനായക് ജീരക സോഡ കുടിച്ചത്. എലി ചത്ത് കിടക്കുന്നത് കടയുടമയും യുവാവും ശ്രദ്ധിച്ചില്ല. സോഡ കുടിച്ചതിന് പിന്നാലെയാണ് യുവാവിന് ഛർദ്ദയും ദേഹാസ്വാസ്ഥ്യവും ഉണ്ടായത്.

എന്നാൽ സോഡ പൊട്ടിച്ച് നൽകിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടതെന്നും ആറ് മാസമായി ഇതേ ബ്രാൻഡിലുള്ള സോഡ വിലപന നടത്തുന്നുണ്ടെന്നും കടയുടമ പറഞ്ഞു.

യുവാവിന്റെ ബന്ധുക്കൾ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും മുക്കം പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികളുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് തിരുവമ്പാടി തയ്യിൽ സോഡാ ഉടമ പറഞ്ഞു.

error: Content is protected !!