
Local News
മുക്കം പിസി ജംഗ്ഷനിലെ ഡിവൈഡറിൽ ലോറി കയറി അപകടമുണ്ടായത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും പോത്തുകളുമായി വയനാട്ടിലേക്ക് പോകുന്ന ലോറിയാണ് തിങ്കളാഴ്ച പുലർച്ചെ അപകടത്തിൽ പെട്ടത്. അപകടത്തെതുടർന്ന് ലോറിയുടെ സ്റ്റിയറിങ് ബോക്സ് ഉൾപ്പെടെയുള്ളവ പൊട്ടിയതോടെ ലോറി ഇപ്പോഴും ഡിവൈഡറിൽ കുടുങ്ങികിടക്കുന്ന അവസ്ഥയിലാണ് ഉള്ളത് . ഇതോടെ പോത്തുകളെ മറ്റൊരു വാഹനത്തിൽ കയറ്റി വയനാട്ടിലേക്ക് കൊണ്ടുപോയി. പി.സി ജംഗ്ഷനിലെ ഡിവൈഡറിൽ രാത്രികാലങ്ങളിലുള്ള അപകടം പതിവായിരിക്കുകയാണ്. നേരത്തെ ഡിവൈഡറിൽ ഓട്ടോറിക്ഷ കയറി മരണം ഉൾപ്പെടെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഡിവൈഡറിൽ കൃത്യമായ സിഗ്നലുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതാണ് രാത്രികാലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽ പെടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ ഡിവൈഡറിലുള്ള സിഗ്നൽ വ്യാപാരികളും പിസി ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും സ്ഥാപിച്ചതാണ്. നേരത്തെ ഉണ്ടായിരുന്ന സിഗ്നലുകളെല്ലാം ഇത്തരത്തിൽ അപകടമുണ്ടാകുമ്പോൾ നശിച്ചുപോയെങ്കിലും, പി.ഡബ്ല്യു.ഡി അധികൃതർ പുനഃസ്ഥാപിക്കാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് മുക്കത്തെ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും സിഗ്നൽ സ്ഥാപിച്ചിരുന്നത്.
ഡിവൈഡറിൽ ലോറി കയറി കുടുങ്ങിയതോടെ സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ഇനിയൊരു ജീവൻ പൊലിയും മുമ്പ് ഇതിനൊരു പരിഹാരം ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
